കുവൈത്തില്‍ ആധുനികരീതിയില്‍ തയ്യാറാക്കിയ സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് ഞായറാഴ്ച മുതല്‍ വിതരണം ചെയ്യും
സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ലോകത്തെ ഏത് രാജ്യത്തും വാഹനമോടിക്കാവുന്നതാണ്. നിരവധി സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണു സ്മാര്‍ട്ട് ലൈസന്‍സിന്റെ നിര്‍മാണം
കുവൈത്ത് സിറ്റി: രാജ്യത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സ് ഉടമകള്‍ക്കും നിലവിലെ ലൈസന്‍സ് മാറ്റാനും പകരം പുതിയവ കരസ്ഥമാക്കാനുമുള്ള നടപടികള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ആഗസ്ത് മുതല്‍ സ്വദേശികള്‍ക്ക് പുതിയ സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്യാനാരംഭിച്ചിരുന്നു. സപ്തംബര്‍ 27 മുതല്‍ പുതുതായി ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്ന എല്ലാവര്‍ക്കും സ്മാര്‍ട്ട് ലൈസന്‍സാണു നല്‍കിയിരുന്നത്.
രാജ്യത്തെ ആറ് ട്രാഫിക് കാര്യാലയങ്ങള്‍ വഴി ഞായറാഴ്ച മുതല്‍ പഴയ ലൈസന്‍സ് മാറ്റി പകരം പുതിയവ കരസ്ഥമാക്കാനും സൗകര്യമൊരുക്കിയതായും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ലോകത്തെ ഏത് രാജ്യത്തും വാഹനമോടിക്കാവുന്നതാണ്. നിരവധി സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണു സ്മാര്‍ട്ട് ലൈസന്‍സിന്റെ നിര്‍മാണം.
ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഇവയില്‍ കൃത്രിമത്വം നടത്തുക ആസാധ്യമായിരിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന സ്മാര്‍ട്ട് ചിപ്പ് വഴി ലൈസന്‍സ് ഉടമയുടെ മുഴുവന്‍ വിവരങ്ങളും സൂക്ഷിക്കപ്പെടുന്നു. സ്മാര്‍ട്ട് ലൈസന്‍സ് നിലവിലെ ഫീസ് നിരക്കില്‍ തന്നെ ലഭ്യമാവും. ഇതിനായി അധിക ഫീസ് നല്‍കേണ്ടതില്ല. നേരത്തെ ഇതിന്റെ അംഗീകാരം ജിസിസി രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, ഇവ ഉപയോഗിച്ച് ലോകത്തിലെ ഏത് രാജ്യത്തും വാഹനമോടിക്കാന്‍ അനുമതി ഉണ്ടായിരിക്കും.