ഞായറാഴ്ച മുതല്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കൊവിഡ് കരുതല്‍ ഡോസ് വാക്‌സിനേഷന്‍

Update: 2022-04-08 10:50 GMT

ന്യൂഡല്‍ഹി: 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 10ന് ഞായറാഴ്ച മുതല്‍ രാജ്യത്തെ എല്ലാ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയും ആളുകള്‍ക്ക് കരുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാം. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും രണ്ടാം ഡോസ് വാക്‌സിനെടുത്ത് ഒമ്പത് മാസം തികയുന്നവര്‍ക്കും മുന്‍കരുതല്‍ മൂന്നാം ഡോസിന് അര്‍ഹതയുണ്ടാവുമെന്ന് മന്ത്രാലയം അറിയിച്ചു.

എന്നിരുന്നാലും ഈ പ്രത്യേക പ്രായത്തിലുള്ളവര്‍ക്ക്, ഇത് സ്വകാര്യകേന്ദ്രങ്ങളില്‍ മാത്രമേ ലഭ്യമാവൂ. ആദ്യ രണ്ട് ഡോസ് വാക്‌സിന്‍ പോലെ കരുതല്‍ ഡോസ് അഥവാ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സൗജന്യമായിരിക്കില്ല. സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിനേഷന്‍ എന്നതിനാല്‍ പണം നല്‍കേണ്ടിവരും. അതേസമയം, സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ വഴിയുള്ള ഒന്ന്, രണ്ട് ഡോസ് വാക്‌സിനേഷനും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര കൊവിഡ് പോരാളികള്‍ക്കും നല്‍കുന്ന ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷനും തുടരും. ഇത് ത്വരിതപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.

രാജ്യത്തെ 15 വയസും അതില്‍ കൂടുതലുമുള്ള ജനസംഖ്യയില്‍ 96 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു കൊവിഡ് വാക്‌സിന്‍ ഡോസെങ്കിലും ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചു. പല രാജ്യങ്ങളിലും കേസുകള്‍ വര്‍ധിക്കുകയും ചില ഇന്ത്യക്കാര്‍ക്ക് മൂന്നാം ഡോസ് ഉപയോഗിക്കാതെ വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എല്ലാ മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനം. ഉദാഹരണത്തിന് ഇസ്രായേല്‍ പോലുള്ള രാജ്യങ്ങള്‍, ബൂസ്റ്റര്‍ ഡോസുകളുടെ അഭാവത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി കണക്കാക്കുന്നില്ല.

Tags:    

Similar News