സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ വഹീദ് നിര്യാതനായി; ദുബയില്‍ ഖബറടക്കി
കഴിഞ്ഞ ഒന്നര മാസക്കാലമായി കൊവിഡ് ബാധിതനായി ദുബയില്‍ ചികിത്സയിലായിരുന്നു.
ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഹൈദരാബാദ് സ്വദേശി അബ്ദുല്‍ വഹീദ് (51) നിര്യാതനായി. കഴിഞ്ഞ ഒന്നര മാസക്കാലമായി കൊവിഡ് ബാധിതനായി ദുബയില്‍ ചികിത്സയിലായിരുന്നു.
1999 മുതല്‍ 2018 വരെ ദഹ്‌റാന്‍ സൗദി അറാംകൊയില്‍ ഐടിസിസ്റ്റം സ്‌പെഷ്യലിസ്റ്റ് ആയി ജോലി ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷമായി റിയാദിലുള്ള അദാ കമ്പനിയില്‍ ഡാറ്റാ സയന്റിസ്റ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു. നാട്ടില്‍ നിന്നും സൗദിയിലേക്ക് വരാനായി ദുബയിലെത്തി ക്വാറന്റൈനിലായിരുന്ന മൂത്ത മകന്‍ സിഎ വിദ്യാര്‍ത്ഥിയായ അബ്ദുല്‍ റഖീബിനെ കൂട്ടി വരാനായി കുടുംബ സമേതം ജനുവരി 4ന് ദമ്മാമില്‍ നിന്നും ദുബയിലേക്ക് പോയതായിരുന്നു.
ദുബയ് എയര്‍പ്പോര്‍ട്ടില്‍ നടത്തിയ കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അബ്ദുല്‍ വഹീദ് ക്വാറന്റൈനില്‍ പ്രവേശിക്കുകയും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജനുവരി 29ന് ദുബയ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ശനിയാഴ്ച്ച രാവിലെയാണ് മരണമടഞ്ഞത്.
തൊഴിലിനോടൊപ്പം സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഘലകളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വേര്‍പാട് പ്രവിശ്യയിലെ സാമൂഹിക രംഗത്തെ വലിയ നഷ്ടമാണ്. സൗമ്യ സ്വഭാവക്കാരനായിരുന്ന അബ്ദുല്‍ വഹീദ് ആകര്‍ഷകമായ വ്യക്തിത്വത്തിനുടമയായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലം കൊട്ടി ഘോഷങ്ങളില്ലാതെ പ്രവിശ്യയിലെ വിവിധ മേഘലകളില്‍ ഫലപ്രദവും തെളിമയുള്ളതുമായ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യവും, നേതൃ പരമായ പങ്ക് വഹിക്കാനും കഴിഞ്ഞ അദ്ദേഹം
2007 ല്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രൂപീകൃതമാകുമ്പോള്‍ ഫോറത്തിന്റെ ഉര്‍ദു ചാപ്റ്ററിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം എന്നീ സാമൂഹിക സംഘടനകളിലൂടെ അദ്ദേഹം തന്റെ കര്‍മ്മ രംഗത്ത്
നേതൃപരമായ പങ്കാളിത്തം വഹിച്ചിരുന്നു. ഉര്‍ദു മേഘലയിലുള്ളവരെ സംഘടിപ്പിക്കുന്നതിലും സാമൂഹിക പ്രവര്‍ത്തന രംഗത്ത് അവരെ സജ്ജമാക്കുന്നതിലും അബ്ദുല്‍ വഹീദ് വലിയ പങ്കാണ് വഹിച്ചിരുന്നത്. നിതാഖാത്ത് കാലയളവില്‍ അദ്ദേഹത്തിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഹൈദരാബാദ് അസ്സോസിയേഷനിലും മറ്റ് കൂട്ടായ്മകളിലും അംഗമായിരുന്ന അദ്ദേഹം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം നേതൃത്വം നല്‍കുന്ന ഹജ്ജ് സേവന പ്രവര്‍ത്തനങ്ങളില്‍ പലതവണ പങ്കെടുക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മികച്ച വളണ്ടിയര്‍ സേവനവും അദ്ദേഹം ചെയ്തിരുന്നു. വിവിധ ഘട്ടങ്ങളില്‍ നിരവധി ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ അവതരിപ്പിച്ചിരുന്നു.
ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ പഴയ ടെക്സ്റ്റ് ബുക്കുകളുടെ ശേഖരണവും വിതരണവും ആദ്യാമായി ആരംഭിച്ചത് അബ്ദുല്‍ വഹീദിന്റെ നേതൃത്വതിലായിരുന്നു. സൈനബ് ഫാത്തിമയാണ്. ഭാര്യ. ദമ്മാം ഇന്ത്യന്‍ എംബസി സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹനീന്‍, ഡ്യൂണ്‍സ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അരീജ്, അതേ സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി അബ്ദുല്‍ ഗനി എന്നിവര്‍ മറ്റ് മക്കളാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെ ദുബായിലെ സോനാപൂര്‍ ഖുസൈസ് മഖ്ബറയില്‍ അദ്ദേഹത്തിന്റെ ഭൗതീക ശരീരം മറവ് ചെയ്തു. ദുബായില്‍ അദ്ദേഹത്തിന്റെ ചികിത്സക്കും മരണാനന്തര നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് ഭൗതീക ശരീരം ഖബറടക്കുന്നതിനും ബന്ധുക്കള്‍ക്കൊപ്പം ദുബയിലെ സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു.