സോഷ്യല്‍ ഫോറം ഇടപെടല്‍; ആറുമാസമായി തൊഴില്‍ നഷ്ടപ്പെട്ട് കാര്‍ ഷെഡ്ഡില്‍ അഭയം തേടിയ തിരുവനന്തപുരം സ്വദേശി നാടണഞ്ഞു

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ അന്‍സാര്‍ വീട്ടുജോലിക്കായാണ് ഖത്തറിലെത്തിയത്. എന്നാല്‍, തൊഴിലുടമയുമായുണ്ടായ തര്‍ക്കങ്ങള്‍ കാരണം കഴിഞ്ഞ ഫെബ്രുവരിയില്‍ ജോലിനഷ്ടപ്പെടുകയായിരുന്നു.

Update: 2020-07-12 10:48 GMT

ദോഹ: തൊഴില്‍ നഷ്ടപ്പെട്ട് ആറുമാസത്തോളം ദുരിതജീവിതം നയിച്ച് ഒടുവില്‍ കാര്‍ ഷെഡ്ഡില്‍ അഭയം തേടേണ്ടിവന്ന തിരുവനന്തപുരം സ്വദേശി ഒടുവില്‍ നാടണഞ്ഞു. തൊഴിലുടമയുടെ തെറ്റിദ്ധാരണമൂലം ജോലി നഷ്ടപ്പെട്ട് കഴിഞ്ഞ ആറുമാസമായി പട്ടിണിയിലും അവസാനം താമസവും നഷ്ടപ്പെട്ട യുവാവ് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടലിലാണ് നാട്ടിലെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ അന്‍സാര്‍ വീട്ടുജോലിക്കായാണ് ഖത്തറിലെത്തിയത്. എന്നാല്‍, തൊഴിലുടമയുമായുണ്ടായ തര്‍ക്കങ്ങള്‍ കാരണം കഴിഞ്ഞ ഫെബ്രുവരിയില്‍ ജോലിനഷ്ടപ്പെടുകയായിരുന്നു.


 അഞ്ചുമാസം തൊഴിലിടത്തില്‍തന്നെ താമസം ലഭിച്ചെങ്കിലും ജോലിയോ മറ്റ് വരുമാനമോ ഇല്ലാതെയാണ് പിടിച്ചുനിന്നത്. മിക്കപ്പോഴും പട്ടിണിയായിരുന്നു ശരണം. അവസാനം താമസിക്കാനുള്ള ഇടംകൂടി നഷ്ടപ്പെട്ടതോടെ കൊടുംചൂടില്‍ ഒരു വില്ലയുടെ കാര്‍ഷെഡ്ഡില്‍ അഭയം തേടുകയായിരുന്നു. ഇവിടെ ഒരാഴ്ച പിന്നിട്ടപ്പോഴാണ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായ സക്കരിയ വിവരമറിയുന്നത്. ഉടനെ താമസവും ഭക്ഷണവും എര്‍പ്പാടാക്കി. തൊഴിലുടമയുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് തിരിച്ചുവാങ്ങുകയും എക്സിറ്റ് പെര്‍മിറ്റ് ശരിയാക്കി നല്‍കുകയും ചെയ്തു.

ശമ്പള ഇനത്തില്‍ ലഭിക്കാനുണ്ടായിരുന്ന ബാക്കി തുകയും തൊഴിലുടമയില്‍നിന്ന് വാങ്ങിനല്‍കിയിരുന്നു. സോഷ്യല്‍ ഫോറം നടത്തിവരുന്ന കൂടണയാന്‍ കൂടെയുണ്ട് പ്രവാസിക്കൊരു ടിക്കറ്റ് പദ്ധതിയിലുള്‍പ്പെടുത്തി സൗജന്യടിക്കറ്റ് നല്‍കിയാണ് അന്‍സാറിനെ യാത്രയാക്കിയത്. സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗങ്ങളായ ഷഫീഖ് പയേത്ത്, സുബൈര്‍ പട്ടാമ്പി എന്നിവര്‍ ചേര്‍ന്ന് ടിക്കറ്റ് കൈമാറി. ഇന്നലെ തിരുവന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് നാട്ടിലെത്തിയത്. 

Tags:    

Similar News