തിരുവനന്തപുരം വിമാന താവളം അദാനി ഗ്രൂപ്പിനു കൈമാറിയ നടപടി റദ്ദാക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ദമ്മാം: തിരുവനന്തപുരം വിമാന താവളം അദാനി ഗ്രൂപ്പിനു കൈമാറിയ നടപടി റദ്ദാക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാര്‍ ഇന്ത്യയില്‍ ഭരണം തുടങ്ങിയത് മുതല്‍ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് തീറെഴുതി കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം വിമാനതാവളമുള്‍പ്പെടെ ഇന്ത്യയിലെ അഞ്ച് വിമാനത്താവളത്തിന്റെയും നടത്തിപ്പവകാശം ബിജെപിയുടെ തന്നെ സന്തത സഹചാരിയും, ഇഷ്ടക്കാരനുമായ കോര്‍പറേറ്റ് ഭീമന്‍ അദാനിക്ക് വിട്ടു നല്‍കിയ തീരുമാനം. ഇത് ജനങ്ങളുടെ പൊതു സമ്പത്തിനെ കൊള്ളയടിക്കലിന് തുല്യമാണു.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി വിമാനത്താവളം നടത്തിപ്പിന് തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് അദാനി ഗ്രൂപ്പിനെ കേന്ദ്രം ടെന്‍ഡറിന് പരിഗണിച്ചത്. അദാനി ഗ്രൂപ്പ് മുന്നോട്ടുവെച്ച തുകയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഏറ്റെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെന്നു പറയുന്നുണ്ടെങ്കിലും വിമാനത്താളത്തിനുള്ള ലേല നടപടികള്‍ക്ക് കേരളം വിദഗ്‌ദോപദേശം തേടിയത് അദാനി ഗ്രുഉപ്പുമായി ഉറ്റബന്ധമുള്ള നിയമ സ്ഥാപനത്തെയാണെന്ന വാര്‍ത്തകള്‍ പിണറായി സര്‍ക്കാരും ആരുടെ കൂടെയാണെന്നു ബോധ്യപ്പെടുത്തുന്നതാണ്. ഇങ്ങനെ ബിജെപി ഇന്ത്യയെ തന്നെ വിറ്റുകൊണ്ടിരിക്കുകയും എല്ലാ തൊഴില്‍ സംവരണവും അവസരങ്ങളും ജനങ്ങളുടെ അവകാശങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മൗനം വെടിഞ്ഞ് ചോദ്യം ചെയ്യണമെന്നും ബ്ലോക്ക് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി നസീം കടക്കല്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ റഹീസ് കടവില്‍, ഹനീഫ മാഹി സംസാരിച്ചു.