വിദേശരാജ്യങ്ങളില്‍നിന്ന് കുവൈത്തിലെത്തുന്നവര്‍ 50 ദിനാര്‍ അധികമായി നല്‍കണം
രാജ്യത്തെത്തുന്ന എല്ലാ യാത്രികരുടെയും രണ്ടുതവണത്തെ പിസിആര്‍ പരിശോധനക്കായാണ് ഈ തുക ഈടാക്കുന്നത്.
കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളില്‍നിന്നും കുവൈത്തിലെത്തുന്ന ഓരോ യാത്രക്കാരും ഇനി മുതല്‍ ടിക്കറ്റ് നിരക്കിനോടൊപ്പം 50 ദിനാര്‍ അധികമായി നല്‍കണം. രാജ്യത്തെത്തുന്ന എല്ലാ യാത്രികരുടെയും രണ്ടുതവണത്തെ പിസിആര്‍ പരിശോധനക്കായാണ് ഈ തുക ഈടാക്കുന്നത്. ഇവ വിമാനക്കമ്പനികള്‍ യാത്രക്കാരില്‍നിന്നും നേരിട്ട് ഈടാക്കാന്‍ സിവില്‍ വ്യോമയാന അധികൃതര്‍ കഴിഞ്ഞദിവസം വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെയാണ് കുവൈത്തിലേക്കെത്തുന്ന ഓരോ യാത്രക്കാരനും വിമാന ടിക്കറ്റിനോടൊപ്പം പിസിആര്‍ പരിശോധന ചെലവില്‍ 50 ദിനാര്‍ അധികം നല്‍കേണ്ടിവരിക.
രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരനെയും വിമാനത്താവളത്തില്‍വച്ച് ആദ്യ പിസിആര്‍ പരിശോധന നടത്തും. തുടര്‍ന്ന് ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും പിസിആര്‍ പരിശോധന നടത്തണമെന്നാണു നിലവില്‍ വ്യവസ്ഥ ചെയ്യുന്നത്. ഈ രണ്ടു പരിശോധനകള്‍ക്കുമായാണു 50 ദിനാര്‍ അധികം നല്‍കേണ്ടിവരിക. ആരോഗ്യമന്ത്രാലയം ജീവനക്കാരുടെ ജോലിഭാരം ഇനിയും വര്‍ധിപ്പിക്കുന്നത് തടയാന്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യലാബുകള്‍ വഴിയാണു പിസിആര്‍ പരിശോധന നടത്തുക.