യുഎഇ പൊതുമാപ്പ്; അനധികൃത താമസത്തിന് മുതിര്‍ന്നാല്‍ വന്‍പിഴ; കാലാവധി നീട്ടില്ല
അബുദാബി: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഈ മാസം (ഒക്ടോബര്‍) 31ന് ശേഷം നീട്ടില്ലെന്ന് അധികൃതര്‍. തുടര്‍ന്നും അനധികൃത താമസത്തിന് മുതിര്‍ന്നാല്‍ വന്‍പിഴ, തടവ് അടക്കം കര്‍ശനമായ നടപടികള്‍ നേരിടേണ്ടിവരും. എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചവരോട് സമയപരിധിക്ക് മുന്‍പ് പോകണമെന്നും ഭരണകൂടം അഭ്യര്‍ഥിച്ചു. ഇവര്‍ക്കുള്ള സമയം ഔട്ട് പാസ് കൈക്കലാക്കി 15 ദിവസം എന്നത് ഈ മാസം 31 വരെയായി നീട്ടിയിരുന്നു.
പൊതുമാപ്പ് ലഭിച്ച ചിലര്‍ ഇതുവരെ രാജ്യം വിട്ടിട്ടില്ല. ഒക്ടോബര്‍ 31 ന് അവസാനിക്കുന്ന യുഎഇ പൊതുമാപ്പ് പദ്ധതി നീട്ടില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, പൗരത്വം, കസ്റ്റംസ്, തുറമുഖ സുരക്ഷാ (ഐസിപി) വിഭാഗം പ്രഖ്യാപിച്ചു. നിയമലംഘകരെ നോ-എന്‍ട്രി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടപടികള്‍ കര്‍ശനമാക്കുമെന്നും ഐസിപി കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ ആദ്യം ആരംഭിച്ച പൊതുമാപ്പ് പദ്ധതി അവസാനിക്കാന്‍ മൂന്നാഴ്ച മാത്രമേ ശേഷിക്കുന്നുള്ളൂ. തുടര്‍ന്ന് നിയമലംഘകര്‍ താമസിക്കുന്ന റസിഡന്‍ഷ്യല്‍ ഏരിയകളിലും കമ്പനികളിലും ഊര്‍ജിതമായ പരിശോധന ക്യാംപയ്‌നുകള്‍ നടത്തും. ഇതിലൂടെ നിയമലംഘകരെ പിടികൂടുകയും അവര്‍ക്കെതിരെയുള്ള ശിക്ഷാ നടപടികള്‍ നടപ്പാക്കുകയും ചെയ്യും. പിഴ ചുമത്തുകയും ഭാവിയില്‍ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നത് വിലക്കപ്പെട്ട വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
പൊതുമാപ്പ് സംബന്ധമായി ധാരാളം കേസുകള്‍ ലഭിച്ചിട്ടുണ്ട്. ഈ കാലയളവില്‍ പലര്‍ക്കും അവരുടെ താമസ രേഖകള്‍ ക്രമീകരിക്കാനും സാധിച്ചിട്ടുണ്ട്. നിയമലംഘകരുടെ താമസ കേന്ദ്രങ്ങള്‍ അധികൃതര്‍ നിരീക്ഷിച്ചുവരികയാണ്. പിടികൂടുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും യുഎഇയില്‍ പ്രവേശിക്കാനുള്ള സാധ്യതയില്ലാതെ അവരെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യും.
പൊതുമാപ്പ് പ്രോഗ്രാമിനുള്ളില്‍ സ്റ്റാറ്റസ് ക്രമീകരിച്ച മൊത്തം ആളുകളുടെ എണ്ണം പൂര്‍ത്തിയായ ശേഷം പ്രഖ്യാപിക്കും. പ്രത്യേക സാഹചര്യങ്ങളുള്ള നിരവധി വ്യക്തികള്‍ക്ക് വിമാന ടിക്കറ്റുകളില്‍ കിഴിവുകള്‍ നല്‍കിയും സൗജന്യ ടിക്കറ്റുകള്‍ അനുവദിച്ചും എയര്‍ലൈനുകള്‍ സഹായിച്ചു. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഏകദേശം 20,000 വ്യക്തികളുടെ സ്റ്റാറ്റസ് ക്രമീകരിച്ചതായി അറിയിച്ചു. അതേസമയം പൊതുമാപ്പ് പരിപാടിയില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന നിയമലംഘകര്‍ക്ക് 7,401 ഔട്ട് പാസുകള്‍(എക്സിറ്റ് പെര്‍മിറ്റുകള്‍) നല്‍കിയിട്ടുണ്ട്.