യുഎഇ കെഎംസിസിയുടെ ചാര്‍ട്ടഡ് വിമാനങ്ങള്‍ ജൂണ്‍ ഒന്നു മുതല്‍ പറന്നു തുടങ്ങും
ജൂണ്‍ ഒന്നിന് ഷാര്‍ജ അഴീക്കോട് മണ്ഡലം കെഎംസിസിയുടെയും ജൂണ്‍ രണ്ടിന് ദുബയ് മലപ്പുറം ജില്ലാ കെഎംസിസിയുടെയും വിമാനങ്ങളാണ് സര്‍വീസ് നടത്തുക.
ദുബയ്: കൊറോണ വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ യാത്രാവിലക്കുമൂലം യുഎഇയില്‍ കുടുങ്ങിയ പ്രവാസികള്‍ക്കായി യുഎഇ കെഎംസിസി ഏര്‍പ്പെടുത്തിയ ചാര്‍ട്ടഡ് വിമാനങ്ങള്‍ ജൂണ്‍ ഒന്നു മുതല്‍ പറന്നു തുടങ്ങും. ജൂണ്‍ ഒന്നിന് ഷാര്‍ജ അഴീക്കോട് മണ്ഡലം കെഎംസിസിയുടെയും ജൂണ്‍ രണ്ടിന് ദുബയ് മലപ്പുറം ജില്ലാ കെഎംസിസിയുടെയും വിമാനങ്ങളാണ് സര്‍വീസ് നടത്തുക. റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കാണ് സര്‍വീസ്. സ്‌പൈസ്‌ജെറ്റ് കമ്പനിയുടെ വിമാനത്തില്‍ 1250 ദിര്‍ഹം ഈടാക്കിയാണ് യാത്രക്കാരെ കൊണ്ടുപോവുക. ദുബൈ,ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ പ്രത്യേക ബസ്സുകളില്‍ റാസല്‍ഖൈമയില്‍ എത്തിക്കാന്‍ സംവിധാനമൊരുക്കി. വിവിധ എമിറേറ്റുകളിലെ കീഴ്ഘടകങ്ങളുടെ കീഴില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും വിമാനങ്ങള്‍ കേരളത്തിലേക്കു പുറപ്പെടും. കൂടുതല്‍ സര്‍വീസ് ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന, സെക്രട്ടറി നിസാര്‍ തളങ്കര, ചാര്‍ട്ടഡ് ഫ്‌ലൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ അഴീക്കോട് എന്നിവര്‍ അറിയിച്ചു.
ആദ്യ ടിക്കറ്റ് യുഎഇ കെഎംസിസി രക്ഷാധികാരി എ പി ശംസുദ്ദീന്‍ ബിന്‍ മുഹിയിദ്ദീന്‍ വിതരണം ചെയ്തു. ചടങ്ങില്‍ ഷാര്‍ജ കഎംസിസി ആക്ടിങ് പ്രസിഡന്റ് കബീര്‍ ചെന്നക്കര, ജനറല്‍ സെക്രട്ടറി ചാക്കിനത് ഖാദര്‍ സന്നിഹിതരായിരുന്നു.
സംസ്ഥാന മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുമായി കെഎംസിസി രക്ഷാധികാരി എ പി ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍, പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്‍, പി കെ അന്‍വര്‍ നഹ, ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചാര്‍ട്ടഡ് ഫ്‌ലൈറ്റുകളുടെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ശേഷം പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ ഡല്‍ഹി ഓഫിസ് നടത്തിയ നീക്കമാണ് സര്‍വീസുകള്‍ വേഗത്തിലാക്കാന്‍ സഹായകമായതെന്ന് നേതാക്കള്‍ അറിയിച്ചു.