കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ ഒന്നിക്കുന്നതിനു മുമ്പ് മതേതരസംഘടനകള്‍ ഐക്യപ്പെടുക: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം
'എന്‍ആര്‍സി, സിഎഎ ഇനി എന്ത് ?' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ്, കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രതിഷേധ സെമിനാര്‍ റിയാദിലെ വിവിധ രാഷ്ട്രീയ, മതസംസ്‌കാരിക, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖവ്യക്തിത്വങ്ങളെക്കൊണ്ട് ശ്രദ്ധേയമായി.
റിയാദ്: രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന ഭരണഘടനാവിരുദ്ധ നിയമങ്ങള്‍ക്കെതിരേ കക്ഷിരാഷ്ട്രീയം മറന്നുകൊണ്ട് ഐക്യപ്പെടണമെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആവശ്യപ്പെട്ടു. 'എന്‍ആര്‍സി, സിഎഎ ഇനി എന്ത് ?' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ്, കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രതിഷേധ സെമിനാര്‍ റിയാദിലെ വിവിധ രാഷ്ട്രീയ, മതസംസ്‌കാരിക, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖവ്യക്തിത്വങ്ങളെക്കൊണ്ട് ശ്രദ്ധേയമായി. സ്വേച്ഛാധിപത്യങ്ങളുടെ അക്രമങ്ങള്‍ക്കും കരിനിയമങ്ങള്‍ക്കും വഴങ്ങുകയോ, ആജ്ഞാപങ്ങള്‍കേട്ട് കിടപ്പാടങ്ങള്‍ വിട്ടോടുകയോ ചെയ്തവരാരും ചരിത്രത്തിലെവിടെയും അതിജീവിച്ചിട്ടില്ല. പൊരുതിയവര്‍ക്ക് മാത്രമാണ് നിലനില്‍പുണ്ടായത്. സാധ്യമായ മാര്‍ഗങ്ങളിലൂടെ ജനകീയ, രാഷ്ടീയ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത തേജസ് ന്യൂസ് എഡിറ്റര്‍ പി എ എം ഹാരിസ് അഭിപ്രായപ്പെട്ടു.
94 വര്‍ഷം രാജ്യത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് വളര്‍ന്നുവന്നൊരു ഭീകരസംഘടനയാണ് ആര്‍എസ്എസ്. ഗാന്ധി വധത്തിലും ബാബരി മസ്ജിദിന്റെ പതനത്തിലും ഈ ഭീകര സംഘടനയെ പൊതുജനം തിരിച്ചറിയാതെ പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ വിഴുങ്ങുന്ന ദിനോസറുകളെ ഉല്‍പാദിപ്പിച്ചെടുക്കുന്ന സംഘപരിവാരകേന്ദ്രങ്ങള്‍ രാജ്യത്തുനിന്ന് വേരോടെ പിഴുതെറിഞ്ഞാല്‍ മാത്രമേ രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കുകയുള്ളൂ- ഫ്രറ്റേണിറ്റി ഫോറം അഭിപ്രായപ്പെട്ടു. മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരായ ലിഞ്ചിങ് ഒരു ദേശീയ പരിപാടിയായി രാജ്യത്ത് മാറിയിരിക്കുന്നു. ഇപ്പോള്‍ പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുന്നു. അറസ്റ്റുചെയ്ത് അടിച്ചമര്‍ത്തുന്നു. ഇത്രയും ഗൗരവമായ സാഹചര്യത്തില്‍ മുസ്‌ലിം സംഘടനകള്‍ കൈക്കൊള്ളുന്ന സങ്കുചിതനിലപാടുകള്‍ സമുദായത്തെ കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ ഒന്നിക്കാനേ ഉപകരിക്കൂവെന്നും കക്ഷിരാഷ്ട്രീയം മറന്ന് ഐക്യപ്പെടണമെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് ഫ്രറ്റേണിറ്റി ഫോറം കേരളാ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗം ഹാരിസ് വാവാട് അഭിപ്രായപ്പെട്ടു.
മുസ്‌ലിം സംഘടനകള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാംപിലേക്കുള്ള ബസ്സിന്റെ സൈഡ് സീറ്റ് ഉറപ്പിക്കാനുള്ള മല്‍സരത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ സെക്രട്ടറി അന്‍സാര്‍ ആലപ്പുഴയുടെ അധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ ഫ്രറ്റേണിറ്റി ഫോറം പി ആര്‍ എക്‌സിക്യൂട്ടീവ് അമീര്‍ കൊയ്‌വിള, കേരള ചാപ്റ്റര്‍ സെക്രട്ടറി സൈദലവി ചുള്ളിയാന്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ വണ്ണക്കോട് ഫാഷിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. റിയാദ് ഫ്രണ്ട്‌സ് സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് അംഗം എം പി കബീര്‍, റിയാദ് ഇന്ത്യന്‍ മുസ്‌ലിം അസോസിയേഷന്‍ (റിമ) ചെയര്‍മാന്‍ ജലീല്‍ ആലുവ, ആം ആദ്മി പാര്‍ട്ടി (ആവാസ്) സ്റ്റേറ്റ് സെക്രട്ടറി ഇല്യാസ്, പ്രവാസി സാംസ്‌കാരികവേദി സെന്‍ട്രല്‍ കമ്മിറ്റി അംഗം ബാരിഷ്, ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ എക്‌സിക്യൂട്ടീവ് അംഗം സഅദുദ്ദീന്‍ സലാഹി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ കാരന്തൂര്‍, ഫ്രണ്ട്‌സ് ക്രിയേഷന്‍ ഡയറക്ടര്‍ മാധ്യമപ്രവര്‍ത്തകനുമായ ഉബൈദ് എടവണ്ണ, റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് വി ജെ നസറുദ്ദീന്‍, മാധ്യമപ്രവര്‍ത്തകനും സത്യം ഓണ്‍ലൈന്‍ ബ്യൂറോ ചീഫുമായ ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.