തങ്ങള്‍ക്ക് നീതിയാണു ആവശ്യം, പണമല്ല: കുവൈത്തില്‍ കൊല്ലപ്പെട്ട ഫിലിപ്പിനോ യുവതിയുടെ മാതാവ്

യുവതിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന കുവൈറ്റ് പൗരനായ വ്യാപാരിയാണു കേസ് ഒത്തു തീര്‍പ്പാക്കുന്നതിനു വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ വഴി ഇവരുടെ കുടുംബത്തിനു 5 കോടി പെസോ (ഏകദേശം പത്തു ലക്ഷം യുഎസ് ഡോളര്‍) വാഗ്ദാനം ചെയ്തതെന്ന് യുവതിയുടെ അമ്മയെ ഉദ്ധരിച്ച് ഫിലിപ്പീന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Update: 2020-01-27 11:09 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊല്ലപ്പെട്ട ഫിലിപ്പീന്‍സ് വീട്ടു ജോലിക്കാരി ജെനെലിന്‍ വില്ലവെന്‍ഡിയുടെ കുടുംബത്തിനു നഷ്ട പരിഹാരമായി വാഗ്ദാനം ചെയ്ത പത്തു ലക്ഷം ഡോളര്‍ (ഏകദേശം 7.2 കോടി രൂപ) നിരസിച്ച് കുടുംബം. യുവതിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന കുവൈറ്റ് പൗരനായ വ്യാപാരിയാണു കേസ് ഒത്തു തീര്‍പ്പാക്കുന്നതിനു വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ വഴി ഇവരുടെ കുടുംബത്തിനു 5 കോടി പെസോ (ഏകദേശം പത്തു ലക്ഷം യുഎസ് ഡോളര്‍) വാഗ്ദാനം ചെയ്തതെന്ന് യുവതിയുടെ അമ്മയെ ഉദ്ധരിച്ച് ഫിലിപ്പീന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ക്ക് നീതിയാണു ആവശ്യം. പണമല്ല. മകളുടെ ഘാതകര്‍ക്ക് വധ ശിക്ഷ നല്‍കുക തന്നെ വേണം. 10 ലക്ഷം ഡോളറിനു പകരമായി കേസ് ഒത്തു തീര്‍പ്പാക്കുന്നതിനു ചില രേഖകളില്‍ ഒപ്പ് വെക്കുവാന്‍ ആവശ്യപ്പെട്ട് തന്നെ സമീപിച്ച കുവൈത്ത് വിദേശ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ജെനലിന്റെ പിതാവ് തുറന്നടിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫിലിപ്പീന്‍സ് വേലക്കാരിയുടെ കൊലയാളികള്‍ക്ക് എതിരേ വധ ശിക്ഷ ഒഴികെയുള്ള മറ്റൊന്നും സ്വീകാര്യമല്ലെന്ന് ഫിലിപ്പീന്‍സ് വിദേശകാര്യമന്ത്രി ടിയഡോറ ലുക്‌സ് കഴിഞ്ഞ ദിവസം പ്രസ്ഥാവിച്ചിരുന്നു. കൊലയാളികളില്‍ നിന്നും ബ്ലഡ് മണി സ്വീകരിച്ച് കേസ് ഒത്തുതീര്‍പ്പാക്കുന്നതല്ലെന്നും അദ്ദേഹം റ്റ്വിറ്റര്‍ വഴി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 'കൊലക്ക് ഉത്തരവാദികളായ കുവൈത്തി പൗരന്മാരായ രണ്ടുപേരുടെയും ജീവനാണു തങ്ങള്‍ ആവശ്യപ്പെടുന്നത്. വേലക്കാരിയുടെ കൊലയാളികളില്‍ നിന്നും ബ്ലഡ് മണി സ്വീകരിച്ച് കേസ് ഒത്തു തീര്‍പ്പാക്കാന്‍ സന്നദ്ധമല്ലെന്ന് കേസ് നടത്താന്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ നിയോഗിച്ച കുവൈത്തി അഭിഭാഷകനോട് വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞിരുന്നു.

മന്ത്രിയുടെ പ്രസ്താവനയെ കുവൈത്ത് വിദേശ കാര്യ മന്ത്രാലായം ശക്തമായി അപലപിച്ചിരുന്നു. കഴിഞ്ഞ മാസം 28 നാണു ജിനാലിന്‍ വില്ലവെന്റ എന്ന ഫിലിപ്പീന്‍സ് വീട്ടു ജോലിക്കാരി കുവൈത്തില്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിനു ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ഈ മാസം 15 നു സംപൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സുലൈബിക്കാത്ത് പ്രദേശത്തെ ഒരു സ്വദേശി വീട്ടിലായിരുന്നു കൊല്ലപ്പെട്ട യുവതി ജോലി ചെയ്തിരുന്നത്. ദേഹമാസകലം മര്‍ദ്ദനത്തിന്റെ പാടുമായി യുവതിയുടെ സ്‌പോണ്‍സര്‍ ആണ് ഇവരെ സബാഹ് ആശുപത്രിയില്‍ കൊണ്ടു പോയത്.എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ യുവതി മരണമടഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് സ്‌പോണ്‍സറേയും ഭാര്യയേയും പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തൊഴിലാളിയെ മര്‍ദ്ദിച്ചതായി സ്‌പോണ്‍സറുടെ ഭാര്യ സമ്മതിക്കുകയും ചെയ്തിരുന്നു.എ ന്നാല്‍ വേലക്കാരിയെ കൊല്ലണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സ്‌പോണ്‍സറുടെ ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് വേലക്കാരിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയതിനു ശേഷം സ്വദേശത്ത് വെച്ച് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തുകയും ചെയ്തു. എന്നാല്‍ കുവൈത്ത് അധികൃതര്‍ നല്‍കിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനു വിരുദ്ധമായ വിവരങ്ങളാണു ഫിലിപ്പീന്‍സ് ഫോറന്‍സിക് അധികൃതര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്. കൊടിയ പീഢനമാണു ഇവരുടെ മരണത്തിനു കാരണമായത് എന്നായിരുന്നു അവിടെ നിന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതിനു പുറമേ ഇവര്‍ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടതായും കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്നാണു കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിനു ഈ മാസം ഫിലിപ്പീന്‍സ് സര്‍ക്കാര്‍ സംപൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയത്. 2018ല്‍ ഗാര്‍ഹിക തൊഴിലാളിയായ മറ്റൊരു ഫിലിപ്പീന്‍ യുവതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് കുവൈത്തിനെതിരേ നടത്തിയ പരാമര്‍ശം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിലേക്ക് എത്തിയിരുന്നു. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ കുവൈത്തിലെ ഫിലിപ്പീന്‍സ് സ്ഥാനപതിയെ രാജ്യത്ത് നിന്നും പുറത്താക്കുന്നതിലേക്കാണു നയിച്ചത്. 2018 മെയ് മാസം ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിനു ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ കരാറില്‍ ഏര്‍പ്പെട്ടതോടെയാണു സംഘര്‍ഷം കെട്ടടങ്ങിയത്.

Tags:    

Similar News