കൊവിഡ് കാലത്ത് കൊച്ചു കൂട്ടുകാര്‍ക്കായി ശില്‍പശാല

ജിദ്ദ കിങ് അബ്ദുല്‍ അസിസ് യൂനിവേഴ്‌സിറ്റി അദ്ധ്യാപകനായ ഇസ്മായില്‍ മരിതേരി വിവിധ കലാലയങ്ങളിലായി അദ്ദേഹം പഠിപ്പിച്ച വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എംപിജി (മൈ പ്രീഷ്യസ് ജംസ്) ന്റെ ഭാഗമയ കൊച്ചു കുട്ടികള്‍ക്കാണ് മൈ പ്രീഷ്യസ് ലിറ്റില്‍ ജംസ് എന്ന ശില്‍പശാല ആരംഭിച്ചത്.

Update: 2020-09-17 00:52 GMT

ജിദ്ദ: കൊവിഡ് മഹാമാരി ലോകത്തെ ഒന്നടങ്കം സ്തംഭിപ്പിച്ചുവെങ്കിലും ഓണ്‍ലൈന്‍ വേദി പ്രയോജനപ്പെടുത്തി ഡോ. ഇസ്മായില്‍ മരിതേരി സംഘടിപ്പിച്ച കൊച്ചു കൂട്ടുകാര്‍ക്കുള്ള ശില്‍പശാല ശ്രദ്ധേയമായി. ജിദ്ദ കിങ് അബ്ദുല്‍ അസിസ് യൂനിവേഴ്‌സിറ്റി അദ്ധ്യാപകനായ ഇസ്മായില്‍ മരിതേരി വിവിധ കലാലയങ്ങളിലായി അദ്ദേഹം പഠിപ്പിച്ച വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എംപിജി (മൈ പ്രീഷ്യസ് ജംസ്) ന്റെ ഭാഗമയ കൊച്ചു കുട്ടികള്‍ക്കാണ് മൈ പ്രീഷ്യസ് ലിറ്റില്‍ ജംസ് എന്ന ശില്‍പശാല ആരംഭിച്ചത്.

വിവിധ വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന എംപിജി ഗ്രൂപ്പ് അംഗങ്ങളുടെ മക്കളാണ് ഇതില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 5 ന് അധ്യാപക ദിന ആഘോഷത്തിന്റെ ഭാഗമായാണ് ആറാഴ്ച നീളുന്ന ശില്‍പശാലക്ക് തുടക്കം കുറിച്ചത്. വ്യത്യസ്ത ക്ലാസുകളില്‍ പഠിക്കുന്ന 30 കുട്ടികളെ മരതകം, പുഷ്യരാഗം, വൈഡൂര്യം, ഇന്ദ്രനീലം, മാണിക്യം എന്നീ ഗ്രൂപ്പുകളായി തിരിച്ച് മീനു ടീച്ചര്‍ (തൃശ്ശൂര്‍), രമാദേവി ടീച്ചര്‍ (നിലമ്പൂര്‍), നജ്മ ടീച്ചര്‍ കൂട്ടാലിട, ജസ്റ്റിന്‍ ജോസ് (യുഎഇ) ജിതിന്‍ ബാലുശ്ശേരി എന്നീ മെന്റ്റര്‍മാരുടെ മേല്‍നോട്ടത്തിലാണ് വിവിധ പരിശീലന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ചീഫ് മെന്റ്റര്‍ ഡോ. ഇസ്മയില്‍ മരിതേരിഅധ്യക്ഷത വഹിച്ച് ശില്‍പശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അബ്ദുല്‍ റഹ്മാന്‍ (പ്രിന്‍സിപ്പല്‍ നൊച്ചാട് എച്ച് എസ് എസ്), ഡോ. രശ്മി, കേരള യൂനിവേഴ്‌സിറ്റി,ഡോ. അബ്ദുല്ല (കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ജിദ്ദ),ഡെല്‍സി ജോസഫ്(പ്രിന്‍സിപ്പല്‍ മോഡല്‍ സ്‌കൂള്‍ തിരുവനന്തപുരം), ഷര്‍മിന ടീച്ചര്‍ (യുഎഇ), ബിസ്മ ടീച്ചര്‍ ശ്രീനഗര്‍, ആബിദ് കരുവണ്ണൂര്‍ എന്നിവര്‍ വിവിധ സന്ദേശങ്ങള്‍ നല്‍കി. എംപിജി അംഗങ്ങളായ അശ്വിന്‍രാജ് (ട്രെയിനിങ് കോഡിനേറ്റര്‍) ഡോ. ഷിംല, അജ്‌സല്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിക്ക് നേതൃത്വം തല്‍കി. കുട്ടികളിലെ പഠന ജീവിത നൈപുണികള്‍ക്കൊപ്പം നേതൃഗുണവും സര്‍ഗാത്മകതയും പ്രകൃതി സ്‌നേഹവും സേവന മനോഭാവവും വളര്‍ത്തുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ശില്‍പശാലയുടെ ഭാഗമായി ദിവസേന നടക്കുന്നുണ്ട്. ലോക്ക്‌ഡൌണ്‍ കാലം ക്രിയാത്മകമായി വിനിയോഗിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കുട്ടി രത്‌നങ്ങളും അവരുടെ മാതാപിതാക്കളും.

Tags:    

Similar News