സഹപ്രവര്‍ത്തകന്റെ അശ്രദ്ധ: കാല്‍ മുറിച്ച് മാറ്റേണ്ടി വന്ന രാജുവിന് നാടണയാന്‍ തുണയായത് സോഷ്യല്‍ ഫോറം
റിയാദ്: പതിനഞ്ച് വര്‍ഷക്കാലത്തെ പ്രവാസ ജിവിതത്തിനൊടുവില്‍ സഹപ്രവര്‍ത്തകന്റെ അശ്രദ്ധകൊണ്ട് ഇടത്കാല്‍ മുറിച്ച് മാറ്റേണ്ടി വന്ന രാജുവിന്റെ ജിവിതകഥ ആടുജീവിതത്തേക്കാള്‍ ഭയാനകരമാണ് .
പതിനഞ്ച് വര്‍ഷം മുമ്പാണ് പ്രവാസത്തിനായി തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ രാജു സൗദി അറേബ്യയിലേക്ക് എത്തുന്നത്.
വിവിധ സ്ഥലങ്ങളില്‍ വിവിധ തൊഴിലുകള്‍ ചെയ്തിരുന്ന രാജു നാല് വര്‍ഷം മുമ്പാണ് അല്‍ ഹസയിലെ സര്‍വ്വിസ് സ്‌റ്റേഷനിലേക്ക് ജോലിക്ക് എത്തുന്നത്. ജോലി ചെയ്ത് കൊണ്ടിരിക്കെ 2019 മേയ് 29 ന് ജോലി സ്ഥലത്ത് വെച്ചാണ് രാജുവിന് അപകടം സംഭവിക്കുന്നത്. വാഹനം കഴുകുവാനായി മോട്ടോര്‍ ഓണ്‍ ചെയ്യുവാന്‍ പോയ രാജുവിന്റെ ദേഹത്തേക്ക് സ്ഥാപനത്തിലെ സഹ ജോലിക്കാരന്‍ ആയിരുന്ന ബംഗ്ലാദേശി മുന്നോട്ട് എടുത്ത കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രണ്ട് മാസക്കാലത്തോളം ആശുപത്രിവാസം അപ്പോഴേക്കും ഇടത് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നു.
ആശുപത്രിയില്‍ നിന്നു നേരെ താമസ സ്ഥലത്തേക്ക് എത്തിച്ചതോടെ സ്‌പോണ്‍സറും കൈ ഒഴിഞ്ഞു ഒരു മുറിക്കുള്ളില്‍ ഒറ്റപ്പെടുകയായിരുന്നു. 2019 ആഗസ്റ്റ് മാസത്തില്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായ ജസീര്‍ ചിറ്റാര്‍ രാജുവിന്റെ തൊട്ടടുത്ത മുറിയിലേക്ക് താമസത്തിനായി എത്തുന്നത്. രാജുവിന്റെ ദയനീയവസ്ഥ മനസിലാക്കിയ ജസില്‍ ചിറ്റാര്‍ രാജുവിന്റെ ഭക്ഷണം ഉള്‍പ്പടെയുള്ള പരിചരണം ഏറ്റെടുക്കുകയും സോഷ്യല്‍ ഫോറവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കു ന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
തുടര്‍ന്ന് സ്‌പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ 2016 മുതല്‍ രാജുവിന് ഇക്കാമ പുതിക്കിയിട്ടില്ലെന്നും അതിനാല്‍ ഇന്‍ഷുറന്‍സ് അടക്കമുള്ള സേവനങ്ങള്‍ ലഭിക്കില്ലെന്നും മനസിലായി.
സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ മുഹനുദ്ദീന്‍ മലപ്പുറം, ഷുക്കൂര്‍, ജിന്ന തമിഴ്‌നാട് എന്നിവര്‍ക്ക് ഒപ്പം ചേര്‍ന്ന് ലേബര്‍ കോര്‍ട്ടില്‍ പരാതി നല്‍കുകയും എംബസിയുമായി ബന്ധപ്പെടുകയും ചെയ്തു. രണ്ട് വര്‍ഷത്തോളം നീണ്ട് നിന്ന ഇടപെടലുകളുടെ ശ്രമഫലമായി രാജുവിന് നാട്ടിലേക്ക് പോകുവാനുള്ള പേപ്പറുകള്‍ ശരിയാകുകയും 3,17,846 രൂപ നഷ്ട പരിഹാരം ആയി ലഭിക്കുകയും ചെയ്തു. സഹജോലിക്കാരനായ ബംഗ്ലാദേശ് സ്വദേശിയെ പ്രതിചേര്‍ത്ത് കേസ് നടത്തിയാല്‍ കാല്‍ നഷ്ടപ്പെട്ടതിന്റെ നഷ്ട പരിഹാരതുക കൂടി ലഭിക്കും എന്ന് നിയമോപദേശം ലഭിച്ചെങ്കിലും നിത്യവൃത്തിക്കാരനായ മറ്റൊരു തൊഴിലാളിയെ ബുദ്ധിമുട്ടിക്കേണ്ടതില്ല എന്ന രാജുവിന്റെ അഭിപ്രായത്തിനൊടുവില്‍ കേസ് നല്‍കിയില്ല. 22 മാസത്തെ നീണ്ട ദുരിത ജീവിതം അവസാനിപ്പിച്ച് നിയമകുരുക്കുകള്‍ എല്ലാം തീര്‍ത്ത് തന്നെ പരിചരിച്ച സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് രാജു കഴിഞ്ഞ ദിവസം ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി.