കൊവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ യുപി സ്വദേശി സോഷ്യല്‍ ഫോറം സഹായത്താല്‍ നാടണഞ്ഞു
എന്തു ചെയ്യണമെന്നറിയാതെ പ്രയാസത്തിലായ സഫീറുല്ല ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ലത്തീഫ് മാനന്തേരിയുമായി ബന്ധപ്പെടുകയായിരുന്നു.
വാദി ദവാസിര്‍: കൊവിഡ് പ്രതിസന്ധിയില്‍ സ്വന്തം സ്ഥാപനം പൂട്ടുകയും വിവിധ രോഗങ്ങളാല്‍ ദുരിതത്തിലാകുകയും ചെയ്ത യുപി ഗോറാപൂറിലെ മറാജ് ഗഞ്ച് സ്വദേശി മുഹമ്മദ് സഫീറുല്ല ഖാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് നാടണഞ്ഞു. ഒരുവര്‍ഷം മുന്‍പ് സൗദിയില്‍ എത്തിയ സഫീറുള്ള ഖാന്‍ മേല്‍വാടകക്ക് ബാര്‍ബര്‍ ഷോപ്പ് നടത്തിവരുകയായിരുന്നു. ഇതിനിടെ കണ്ണിനു കാര്യമായ അസുഖം ബാധിച്ചതിനാല്‍ ചികിത്സക്കായ് നാട്ടിലേക്ക് പോകുകയും കണ്ണ് ഓപ്പറേഷന്‍ കഴിഞ്ഞ് സൗദിയിലേക്ക് തിരുച്ചു വരുകയും ചെയ്തു. എന്നാല്‍, സൗദിയില്‍ കൊവിഡ് വ്യാപകമാകുകയും ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറക്കാന്‍ അനുമതി ലഭിക്കാതിരിക്കുകയും ചെയ്തതോടെ മുഹമ്മദ് സഫീറുല്ല മാസങ്ങളോളം ജോലിയില്ലാതെ റൂമില്‍ കഴിയേണ്ടിവന്നു.
കടയുടെ വാടകയോ കറണ്ടു ബില്ലോ അടക്കാന്‍ നിര്‍വ്വാഹമില്ലാതെയായി. ഇതിനിടയില്‍ ഇയാള്‍ക്ക് കിഡ്‌നി സംബന്ധമായ അസുഖം പിടിപെടുകയും ചികിത്സക്കായി വീണ്ടും നാട്ടിലേക്ക് പോകാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌പോണ്‍സറെ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ വാടകയും കരണ്ടു ബില്ലും അടക്കാതെ നാട്ടിലേക്ക് പോകാന്‍ കഴിയില്ലെന്നും ബില്ലടക്കാന്‍ സ്‌പോണ്‍സര്‍ ആവശ്യപ്പെടുകയും ചെയ്തു. ജോലിയില്ലാതെ ദുരിതത്തില്‍ കഴിയുന്ന ഈ സാഹചര്യത്തില്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ പ്രയാസത്തിലായ സഫീറുല്ല ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ലത്തീഫ് മാനന്തേരിയുമായി ബന്ധപ്പെടുകയായിരുന്നു. സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുകയും ആവശ്യമായ ഭക്ഷ്യ കിറ്റുകളും മറ്റും നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഫോറം വാദി ദവാസിര്‍ ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ തിരുനാവായ ,ലത്തീഫ് മാനന്തേരി എന്നിവര്‍ സ്‌പോണ്‍സറുമായി സംസാരിക്കുകയും സ്‌പോണ്‍സര്‍ നാട്ടിലേക്ക് പോകാന്‍ എക്‌സിറ്റടിച്ചു നല്‍കിയെങ്കിലും വിമാന ടിക്കറ്റിനുള്ള കാശ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്ത്യന്‍സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് കമ്മിറ്റി നല്‍കിയ ടിക്കറ്റില്‍ ഇന്‍ഡിഗോ വിമാനത്തില്‍ മുഹമ്മദ് സഫീറുല്ല ഖാന്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോകുകയും ചെയ്തു.