ബാബരി വിധി: വഞ്ചനക്കും കയ്യൂക്കിനുമുള്ള കോടതി അംഗീകാരമാണെന്ന് അബഹ സോഷ്യല്‍ ഫോറം
വസ്തുതകളുടെ മുകളില്‍ വിശ്യാസങ്ങള്‍ക്ക് പരിഗണന കൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. ഇസ്മായില്‍ മാസ്റ്റര്‍ പാണാവള്ളി പറഞ്ഞു.
അബഹ(സൗദി അറേബ്യ): ബാബരി മസ്ജിദ് നിര്‍മിച്ചത് മീര്‍ ബാഖി ആണെന്നും വിഗ്രഹം കൊണ്ടുപോയി വെച്ചതും മസ്ജിദ് തകര്‍ത്തതും തെറ്റാണെന്നും കണ്ടെത്തിയ കോടതി അവിടെ പള്ളി പണിയാന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനു പകരം ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയത് സംഘ പരിവാര്‍ നടത്തിയ വഞ്ചനക്കും കയ്യൂക്കിനുമുള്ള അംഗീകാരമായിട്ട് മാത്രമേ കാണാന്‍ കഴിയുകയൊള്ളു എന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗവും പ്രിന്‍സ് സത്താം ബിന്‍ അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി അധ്യാപകനുമായ ഇസ്മായില്‍ മാസ്റ്റര്‍ പാണാവള്ളി അഭിപ്രായപ്പെട്ടു. അബഹ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബാബരി അന്യായ വിധി: ജന ജാഗ്രതാ സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബാബരി മസ്ജിദ് ഒരു യാഥാര്‍ഥ്യവും രാമ ജന്മ ഭൂമി ഒരു സങ്കല്പവുമാണ്. വസ്തുതകളുടെ മുകളില്‍ വിശ്യാസങ്ങള്‍ക്ക് പരിഗണന കൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. ഈ സുപ്രീം വിധി ഉദ്ധരിച്ച് ഭാവിയില്‍ പല വിധികളും ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും ഫാഷിസത്തിന്റെ കരങ്ങളില്‍ മുറുകിയിരിക്കുന്നു. കോടതിയില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത് മതവും രാഷ്ട്രീയവും കലരാത്ത വിധികളാണ്. ബാബരി മസ്ജിദിനെ സംഘപരിവാര്‍ ആദ്യം തൊട്ടേ രാഷ്ട്രീയമായാണ് ഉപയോഗിച്ചത്, മതപരമായിട്ടായിരുന്നില്ല.
മുസ്‌ലിംകളുടെ ദേശക്കൂറ് ചോദ്യം ചെയ്യുന്ന തരത്തിലുള്ള പുതിയ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നു. നമ്മുടെ നാവുകള്‍ അരിഞ്ഞു മാറ്റുന്നതിന് മുന്‍പ്, ചുണ്ടുകള്‍ തുന്നിക്കെട്ടുന്നതിന്റെ മുന്‍പ് ഭയവും ഭീരുത്വവും വെടിഞ്ഞ് അനീതികള്‍ക്കെതിരെ ശബ്ദിക്കാന്‍ എല്ലാ ജനാധിപത്യ വിശ്യാസികളും മുന്നോട്ട് വരണമെന്നും ഇസ്മായില്‍ മാസ്റ്റര്‍ ആഹ്വാനം ചെയ്തു.
ഖമീസ് മുശൈത്തിലെ മുനീറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് അംഗവും വെല്‍ഫയര്‍ കണ്‍വീനറുമായ സൈദ് മൗലവി അരീക്കോട് ഉത്ഘാടനം ചെയ്തു. സ്വാഗത പ്രസംഗം നടത്തിയ സോഷ്യല്‍ ഫോറം അബഹ സ്‌റ്റേറ്റ് പ്രസിഡണ്ട് ഷറഫുദ്ദീന്‍ പഴേരി ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് അനസ് ഒഴൂര്‍, ഫ്രറ്റെണിറ്റി പ്രഡിഡന്റ് അബ്ദുല്‍ കരീം നാട്ടുകല്‍, സാബിര്‍ മണ്ണാര്‍ക്കാട്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഷ്‌കര്‍ വടകര എന്നിവര്‍ സംസാരിച്ചു.