ജനകീയ സമരങ്ങളെ ഒറ്റുകൊടുത്ത് സ്വയം രക്ഷപ്പെടാനാണ് പിണറായി ശ്രമിക്കുന്നത്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
രാജ്യസഭയില്‍ പ്രക്ഷോഭങ്ങള്‍ക്കെതിരേ നരേന്ദ്ര മോദി ഉദ്ധരിച്ചത് പിണറായി വിജയന്റെ പ്രസ്താവനയാണ്. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാവുന്നതിന്റെ പുതിയ ഉദാഹരണങ്ങളായിട്ടു വേണം കരുതാന്‍.
ദമ്മാം: കേരളത്തില്‍ നടക്കുന്ന ജനകീയ പൗരത്വ പ്രക്ഷോഭങ്ങളെ ഒറ്റുകൊടുത്ത് സ്വയംരക്ഷപ്പെടാനുള്ള വ്യാമോഹമാണു മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റയ്യാന്‍ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിലെ പൗരത്വ പ്രക്ഷോഭങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറി പ്രശ്‌നങ്ങളുണ്ടാക്കി എന്നു നിയമസഭയില്‍ പെരുംനുണ തട്ടിവിട്ട പിണറായി വിജയന്‍ ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളെ ഒറ്റുകൊടുക്കുകയാണു.
രാജ്യസഭയില്‍ പ്രക്ഷോഭങ്ങള്‍ക്കെതിരേ നരേന്ദ്ര മോദി ഉദ്ധരിച്ചത് പിണറായി വിജയന്റെ പ്രസ്താവനയാണ്. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാവുന്നതിന്റെ പുതിയ ഉദാഹരണങ്ങളായിട്ടു വേണം കരുതാന്‍. സിപിഎമ്മിന്റെ വരുതിയില്‍ നില്‍ക്കാത്ത പ്രസ്താനങ്ങളുടെ പ്രക്ഷോഭങ്ങളെയൊക്കെ തീവ്രവാദപട്ടം ചാര്‍ത്തി ഭയപ്പെടുത്താനും ഭിന്നിപ്പിച്ച് മോദിയെ സഹായിക്കാനുമാണു പിണറായി വിജയന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറ്റുപിടിച്ച് മോദി വിവാദമാക്കിയിട്ടും പ്രക്ഷോഭകരെ ഭിന്നിപ്പിക്കുന്ന നിലപാട് തുടരുന്ന പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസിനെ ഭയപ്പെടുന്നതുകൊണ്ടാണെന്നും യോഗം വിലയിരുത്തി.
പ്രവിശ്യയില്‍ സോഷ്യല്‍ ഫോറം നടത്തുന്ന മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായി പുതുതായി അംഗത്വമെടുത്തവരെ ഫോറം സ്‌റ്റേറ്റ് സെക്രട്ടറി മന്‍സൂര്‍ എടക്കാട് ഷാള്‍ അണിയിച്ചു സ്വീകരിച്ചു. യോഗത്തില്‍ സോഷ്യല്‍ ഫോറം ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിസ് കോഡൂര്‍ അധ്യക്ഷതവഹിച്ചു. ജന:സെക്രട്ടറി ശറഫുദ്ദീന്‍ ഇടശ്ശേരി, സജാദ് കല്ലംബലം അബ്ദുല്‍ അഹദ് സംസാരിച്ചു.