ഐഎൻഎൽ പ്രതിസന്ധി: അനുരഞ്ജന ശ്രമങ്ങൾക്കൊപ്പമെന്ന് സൗദി ഐഎംസിസി
പാർട്ടിയുടെ ഭാവി കണക്കിലെടുത്ത് നാട്ടിൽ നടക്കുന്ന അനുരഞ്ജന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകാൻ സൗദി ഐഎംസിസി നാഷണൽ കൗണ്‍സിൽ യോഗം ഐക്യകണ്ഡേന തീരുമാനിച്ചു.
ജിദ്ദ: ഐഎൻഎല്ലിൽ രൂപപ്പെട്ട നിലവിലെ പ്രതിസന്ധി അനുരഞ്ജനത്തിലൂടെ പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സൗദി ഐഎംസിസി. നേതൃത്വത്തിൽ നടക്കുന്ന അനുരഞ്ജന ശ്രമങ്ങൾക്കൊപ്പമാണ് സൗദി ഐഎംസിസിയെന്ന് പ്രസ്താവനയിൽ പറഞ്ഞു. പാർട്ടിയുടെ ഭാവി കണക്കിലെടുത്ത് നാട്ടിൽ നടക്കുന്ന അനുരഞ്ജന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകാൻ സൗദി ഐഎംസിസി നാഷണൽ കൗണ്‍സിൽ യോഗം ഐക്യകണ്ഡേന തീരുമാനിച്ചു.
എന്ത് വിധേനെയും പാർട്ടിയിൽ ഐക്യം ഉണ്ടാവരുതെന്നു നിർബന്ധമുള്ള ഒരു വിഭാഗമാണ് എറണാകുളത്ത് നടന്ന സംസ്ഥാന സെക്രട്ടറിയറ്റ് മീറ്റിങ്ങിനോടനുബന്ധിച്ചു പാർട്ടിയെ സമൂഹത്തിൽ താറടിച്ചു കാണിക്കും വിധമുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തതെന്ന് യോഗം വിലയിരുത്തി.
പാർട്ടിയിലെ പ്രശ്നങ്ങൾക്ക് ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോ പാർട്ടിയുടെ മന്ത്രിയോ അല്ല അടിസ്ഥാന കാരണങ്ങൾ, യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് മന്ത്രിയെ പാർട്ടിയിലെ പിളർപ്പിലേക്ക് വലിച്ചിഴക്കുന്നത്. രണ്ട് മൂന്ന് വർഷമായി പാർട്ടിയിൽ രൂപപ്പെട്ട ഗ്രൂപ്പ് പ്രവർത്തനം സമയബന്ധിതമായി പരിഹരിക്കുന്നത്തിൽ നേതൃത്വത്തിന് വീഴ്ച പറ്റി എന്നും പാർട്ടിയിലെ ഐക്യം പുനസ്ഥാപിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സൗദി ഐഎംസിസി നേരത്തെ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.