കുവൈത്തില്‍ സിവില്‍ ഐഡി കയ്യില്‍ ഇല്ലാത്തവര്‍ക്കും തടസ്സങ്ങളില്ലാതെ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യാം

പാസ് പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കിയത് മുതല്‍ രാജ്യത്തെ താമസക്കാരായ പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനു സിവില്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.

Update: 2020-06-07 07:18 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ സിവില്‍ ഐഡി കയ്യില്‍ ഇല്ലാത്തവര്‍ക്കും ഇനി തടസ്സങ്ങളില്ലാതെ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യാം. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിമാന താവള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇത്തരം യാത്രക്കാര്‍ രാജ്യത്തെ നിയമാനുസൃതമായ താമസ രേഖ ഉള്ളവരായിരിക്കണം. മാത്രവുമല്ല സിവില്‍ ഐ.ഡി. ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവരും ആയിരിക്കണം. ഇവരുടെ പാസ്സ്‌പോര്‍ട്ടിലേയും താമസ രേഖയിലേയും ലാറ്റിന്‍ പേരുകള്‍ തമ്മില്‍ വ്യത്യാസം ഉണ്ടായിരിക്കാന്‍ പാടുള്ളതല്ല. ഇത്തരത്തിലുള്ള യാത്രക്കാരെയാണ് സിവില്‍ ഐഡി ഇല്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുക.

പാസ് പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കിയത് മുതല്‍ രാജ്യത്തെ താമസക്കാരായ പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനു സിവില്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ സിവില്‍ ഐഡി ഓഫിസുകള്‍ അടക്കം രാജ്യത്തെ വിവിധ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ കഴിഞ്ഞ ഫെബ്രുവരി 24 മുതല്‍ പ്രവര്‍ത്തിക്കുന്നില്ല. ഇക്കാരണത്താല്‍ നിരവധി പേരാണു സിവില്‍ ഐഡി ലഭിക്കാതെ കഴിയുന്നത്. ഇത്തരക്കാര്‍ക്ക് നാട്ടില്‍ പോകുന്നതിനു തടസ്സം നേരിടുന്നുവെന്ന പരാതികള്‍ ഉയര്‍ന്നു വരുന്നതിനിടയിലാണു ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്. 

Tags:    

Similar News