പ്രവാസി സംഘടനകള്‍ പ്രവാസികള്‍ക്കിടയില്‍ കാരുണ്യം പരത്തുന്നവര്‍: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്
പ്രവാസികള്‍ക്ക് വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇത്തരം സംഘടനകളെയും സഹകരിപ്പിക്കും. ആഹാരം ലഭിക്കാതെ ഒരിന്ത്യക്കാരനും കുവൈത്തില്‍ കഷ്ടപ്പെടരുത്. അവരെ സഹായിക്കും. ജയിലിലടക്കപ്പെട്ട ഇന്ത്യക്കാര്‍ക്ക് ആവശ്യമായ നിയമസഹായവും ഉറപ്പുവരുത്തുമെന്നും അംബാസഡര്‍ പറഞ്ഞു.
കുവൈത്ത് സിറ്റി: പ്രവാസി സംഘടനകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനം വിലമതിക്കാനാവത്തതാണെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു. കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസ് മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി സംഘടനകള്‍ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ കാരുണ്യത്തിന്റെ സുഗന്ധം നല്‍കുന്ന പുഷ്പങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇത്തരം സംഘടനകളെയും സഹകരിപ്പിക്കും. ആഹാരം ലഭിക്കാതെ ഒരിന്ത്യക്കാരനും കുവൈത്തില്‍ കഷ്ടപ്പെടരുത്. അവരെ സഹായിക്കും. ജയിലിലടക്കപ്പെട്ട ഇന്ത്യക്കാര്‍ക്ക് ആവശ്യമായ നിയമസഹായവും ഉറപ്പുവരുത്തുമെന്നും അംബാസഡര്‍ പറഞ്ഞു.
അംബാസഡറുടെ ഈ വാക്കുകള്‍ പ്രവാസി സമൂഹത്തിനും സംഘടനകള്‍ക്കും ഏറെ പ്രത്യാശയാണ് നല്‍കുന്നത്. മുന്‍ അംബാസഡര്‍ ഇത്തരത്തിലുള്ള പല സംഘടനകളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഇത് ഏറെ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ അംബാസഡറുടെ വാക്കുകള്‍ ഏറെ ആശ്വാസം നല്‍കുന്നതാണ്.
ഇന്ന് സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസ് മീറ്റിംഗില്‍ നിരവധി പേരാണ് എത്തിയത്. പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ എല്ലാ ബുധനാഴ്ചയും ഉച്ച കഴിഞ്ഞ് 3.30നാണ് ഓപ്പണ്‍ ഹൗസ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഓപ്പണ്‍ ഹൗസ് നടത്തുക.
ആവശ്യങ്ങളും പരാതികളും നേരത്തെ എംബസിയുടെ കമ്മ്യൂണിറ്റി ഇമെയിലില്‍ അയച്ച് നല്‍കണം. ഈ മെയിലുകള്‍ പരിശോധിച്ചായിരിക്കും പ്രവാസികളെ പരിഗണിക്കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കണ്‍ഫര്‍മേഷന്‍ ഇ മെയില്‍ അയക്കും.
അംബാസിഡറെ കൂടാതെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, ഹെഡ്‌സ് ഓഫ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍, കോണ്‍സുലര്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.
മലയാളിയായ സിബി ജോര്‍ജ് പുതിയ സ്ഥാനപതിയായി സ്ഥാനമേറ്റതിന് ശേഷമാണ് ഓപ്പണ്‍ ഹൗസ് മീറ്റിംഗ് ആരംഭിക്കാനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഈ തീരുമാനത്തിലൂടെ പ്രവാസി സമൂഹവും ഏറെ പ്രത്യാശയിലാണ്.
പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കേണ്ട ഇമെയില്‍ അഡ്രസ്:communtiy.kuwait@mea.gov.in.