കൊവിഡ് വാക്‌സിന്‍: ഖത്തറില്‍ രണ്ടാം ഡോസ് എടുത്ത് ആറുമാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്
രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം കഴിയുമ്പോഴേക്കും ശരീരത്തിന്റെ കൊവിഡ് പ്രതിരോധ ശേഷി പലരിലും കുറയുന്നതായി ക്ലിനിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം
ദോഹ: കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഇതുവരെ വാക്‌സിന്റെ രണ്ടാമത്തെ ഡോസെടുത്ത് എട്ടു മാസത്തില്‍ കൂടുതല്‍ ആയവര്‍ക്ക് മാത്രമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കിയിരുന്നത്.
എന്നാല്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം കഴിയുമ്പോഴേക്കും ശരീരത്തിന്റെ കൊവിഡ് പ്രതിരോധ ശേഷി പലരിലും കുറയുന്നതായി ക്ലിനിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 12 മാസത്തിനകം ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമായും എടുക്കണം. വിദേശയാത്ര ചെയ്യുന്നവര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്ത ശേഷം യാത്ര ചെയ്യണം എന്നും അധികൃതര്‍ അറിയിച്ചു.
എല്ലാ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സെന്ററുകളിലും പിഎച്ച്‌സിസികളിലും ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാണ്. ഇവിടങ്ങളില്‍ നിന്നും ബൂസ്റ്റര്‍ വാക്‌സിനേഷന് യോഗ്യരായവരെ വിളിച്ച് അറിയിക്കും. ഫോണ്‍ കോള്‍ ലഭിക്കാത്ത, ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ക്ക് 4027 7077എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ച് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. പിഎച്ച്‌സിസിയുടെ നര്‍ ആ കോം എന്ന മൊബൈല്‍ ആപ്പ് വഴിയും കൊവിഡ് വാക്‌സിനേഷന്‍ ബുക്ക് ചെയ്യാം.
ഖത്തറില്‍ 143പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം തിങ്കളാഴ്ച്ച അറിയിച്ചു. 121 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,38,965 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 119 പേര്‍ സ്വദേശികളും 24 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. 611 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്.