സൗദിയിലുള്ള ഇന്ത്യന്‍ തടവുകാരെ കൈമാറല്‍ നടപടി തുടങ്ങി
2010-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സൗദി സന്ദര്‍ശനവേളയിലാണ് ഇരുരാജ്യങ്ങളും തടവുപുള്ളികളെ പരസ്പരം കൈമാറുന്ന കരാറില്‍ ഒപ്പുവെച്ചത്.
റിയാദ്: സൗദി ജയിലുകളിലുള്ള ഇന്ത്യന്‍ തടവുകാരെ മാതൃരാജ്യത്തിന് കൈമാറുന്ന നടപടിക്ക് തുടക്കം. ശിഷ്ടകാല തടവു ശിക്ഷ ഇനി ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചുതീര്‍ക്കാം. 12 വര്‍ഷം മുമ്പ് ഒപ്പുവെച്ച തടവുപുള്ളികളെ കൈമാറാനുള്ള കരാര്‍ പ്രകാരമാണ് നടപടി. ഇതനുസരിച്ച് സൗദിയിലെ ജയിലുകളില്‍ തടവ് അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ബാക്കിയുള്ള ശിക്ഷാകാലം ഇനി ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചാല്‍ മതിയാകും.
2010-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സൗദി സന്ദര്‍ശനവേളയിലാണ് ഇരുരാജ്യങ്ങളും തടവുപുള്ളികളെ പരസ്പരം കൈമാറുന്ന കരാറില്‍ ഒപ്പുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്നു തന്നെ നടപടികള്‍ ആരംഭിച്ചെങ്കിലും നടപടിക്രമങ്ങളുടെ നൂലാമാലയില്‍ കുടുങ്ങി കരാര്‍ പ്രാബല്യത്തിലാകുന്നത് നീണ്ടുപോവുകയായിരുന്നു.
എന്നാലിപ്പോള്‍ അതിന് മൂര്‍ത്തമായ രൂപം കൈവരികയും ഇത്തരത്തില്‍ ജയില്‍ പുള്ളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ എംബസി ഇതുമായി ബന്ധപ്പെട്ട് സൗദിയിലെ വിവിധ ജയില്‍ മേധാവികള്‍ക്ക് കത്തയച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടോ, ക്രിമിനല്‍ കുറ്റങ്ങളൊ അല്ലാത്ത കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുക. ഇത്തരത്തില്‍ നാട്ടിലെ ജയിലിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കുകള്‍ ലഭ്യമാക്കാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.