സൗദി അറേബ്യയിൽ ഇനി കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കാം; രജിസ്ട്രേഷൻ ആരംഭിച്ചു
ആരോഗ്യമന്ത്രാലയത്തിന്റെ സിഹ്വത്തി, തവക്കൽന എന്ന് മൊബൈൽ ആപ്പിലൂടെയാണ് വാക്സിൻ എടുക്കാൻ ബുക്കിങ് നടത്തേണ്ടത്.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ നടപടി ആരംഭിച്ചു. രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം കഴിഞ്ഞ 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.
ആരോഗ്യമന്ത്രാലയത്തിന്റെ സിഹ്വത്തി, തവക്കൽന എന്ന് മൊബൈൽ ആപ്പിലൂടെയാണ് വാക്സിൻ എടുക്കാൻ ബുക്കിങ് നടത്തേണ്ടത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ എത്രയും വേഗം ബുസ്റ്റർ ഡോസ് എടുക്കാൻ തയ്യാറാവണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 58 പേർ കൂടി സുഖം പ്രാപിച്ചു. പുതുതായി 47 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയിൽ മൂന്ന് മരണം റിപോർട്ട് ചെയ്തു. 44,317 പിസിആർ പരിശോധനകളാണ് ഇന്ന് രാജ്യത്ത് നടന്നത്. രാജ്യത്ത് ആകെ റിപോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,065 ആയി. ഇതിൽ 5,37,095 പേരും സുഖം പ്രാപിച്ചു. ആകെ 8,770 പേർ മരിച്ചു.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്സിനേഷൻ 44,904,419 ഡോസ് കവിഞ്ഞു. ഇതിൽ 23,979,412 എണ്ണം ആദ്യ ഡോസ് ആണ്. 20,925,007 എണ്ണം സെക്കൻഡ് ഡോസും. 1,689,311 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 10, മക്ക 3, ത്വാഇഫ് 3, തബൂക്ക് 2, മറ്റ് 15 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.