ജിദ്ദയിലെ ഷവർമ സൂഖ് ഓർമയാകുന്നു
സൗദിയിലെ പലഭാഗങ്ങളിലും ഇപ്പോൾ നമ്മുടെ നാട്ടിലും കണ്ടുവരുന്ന രുചികരമായ ഇത്തരം വിഭവങ്ങൾ പലതും ഷവർമ സൂഖിലെ ഉത്പന്നങ്ങളുടെ കോപ്പികളാണ്.
കബീർ കൊണ്ടോട്ടി
ജിദ്ദ: ആറ് പതിറ്റാണ്ടിലേറെ കാലം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ഊട്ടിയ ഷവർമ സൂഖ് ഓർമയാകുന്നു. ജിദ്ദ ബാഗ്‌ദാദിയ ശർഖിയ ഡിസ്ട്രിക്ടിൽ മഖ്‌ബറ ഉമ്മന ഹവ്വയുടെ എതിർ വശത്ത് സ്ഥിതി ചെയ്യുന്ന സൂഖാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ വിസ്മൃതിയിലേക്ക് മറയുന്നത്.
രുചികരമായ ജ്യൂസുകൾക്ക് പേര് കേട്ട മലിക്ക് മാങ്ങയും (റബിയ) കിലോമീറ്ററുകൾ അകലെ നിന്ന് പോലും ഷവർമ വാങ്ങുന്നതിന് ആളുകൾ എത്തുന്ന ഷവർമ ഷാക്കിറും ഷവർമ സൂഖിലാണ് സ്ഥിതി ചെയ്യുന്നത്. രാത്രികാലങ്ങളിൽ ഭക്ഷണം വാങ്ങുന്നതിനുള്ള തിരക്ക് പതിവ് കാഴ്ച്ചയാണ്.
അടുത്തടുത്ത് നിലനിൽക്കുന്ന പത്തോളം വരുന്ന കടകളിൽ വിവിധ തരത്തിലുള്ള ജ്യൂസുകൾ, ചിക്കൻ-ബീഫ് ഷവർമകൾ, ഫിഷ് സ്നാക്കുകൾ, മുതബക്ക്, മഅസൂബ് തുടങ്ങിയവ രാവിലെ മുതൽ രാത്രി വൈകീട്ട് മൂന്ന് മണി വരെ ലഭിക്കുന്ന ഇടമായിരുന്നു ജിദ്ദയിലെ ഷവർമ്മ സൂക്ക്, സൗദിയിലെ പലഭാഗങ്ങളിലും ഇപ്പോൾ നമ്മുടെ നാട്ടിലും കണ്ടുവരുന്ന രുചികരമായ ഇത്തരം വിഭവങ്ങൾ പലതും ഷവർമ സൂഖിലെ ഉത്പന്നങ്ങളുടെ കോപ്പികളാണ്.
വളരെ വൈകി ജോലി കഴിയുന്നവർക്കും, ഉംറ തീർത്ഥാടനം കഴിഞ്ഞു ജിദ്ദയിൽ എത്തുന്നവർക്കും വലിയ ആശ്വാസമായിരുന്നു ഷവർമ സൂഖ്. മിതമായ നിരക്കിൽ രുചികരമായ ഭക്ഷണം വയറ് നിറച്ച് കഴിക്കാൻ സാധിച്ചിരുന്ന സൂഖാണ് ഇല്ലാതാവുന്നതെന്ന് അനുഭവസ്ഥർ പറയുന്നു. കഴിഞ്ഞ നാല്പത് വർഷം തുടർച്ചയായി ഈ സൂഖിൽ ജോലി ചെയ്ത് വരുന്ന മലയാളികളും, മിസ്‌രികളും, യമനികളും, ബംഗ്ലാദേശികളും വരും ദിവസങ്ങളിൽ ജോലി നഷ്ട്ടപ്പെടുന്ന വ്യാകുലതയിലാണ്. സ്വദേശികളായ കടയുടമകൾ മറ്റൊരിടത്തേക്ക് സംരംഭങ്ങൾ പറിച്ച് നടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അമിത വാടക തടസം നിൽക്കുന്നു.
പുതിയ ജിദ്ദ 'ഡൌൺ ടൌൺ' നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ജിദ്ദ മുൻസിപ്പാലിറ്റി സൗത്ത് ജിദ്ദയിലെ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നത്. പതിനൊന്നായിരത്തിൽ അധികം കെട്ടിടങ്ങൾ ഇതിനകം പൊളിച്ചു കഴിഞ്ഞു. പല ഡിസ്ട്രിക്ടുകളിലായി ആയിരകണക്കിന് കെട്ടിടങ്ങൾ ഇതിനോടകം പൊളിക്കുന്നതിനായി മാർക്ക് ചെയ്തു കഴിഞ്ഞു.
കച്ചവട സ്ഥാപനങ്ങളും, ഓഫീസുകളും, താമസവും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുന്ന തിരക്കിലാണ് സ്വദേശികളും വിദേശികളും. ബിസ്സിനെസ് സ്ഥാപനനത്തിന്റെ ഭാവിയും ജോലിയെയും കുറിച്ചുള്ള ആശങ്കകൾ പലരിലും ഉടെലെടുത്തിരിക്കുന്നു. പൊളിക്കാൻ സാധ്യതയില്ലാത്ത ഇടങ്ങളിൽ ഈടാക്കുന്ന അമിത വാടകയും ഭക്ഷണ സാധനങ്ങൾക്കുള്ള വില കയറ്റവും സാധാരണ പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നു.
കൊറോണ വൈറസിന്റെ വ്യാപനം വരുത്തിയ ആഘാതം തീരും മുമ്പാണ് ഇങ്ങിനെ ഒരു പരീക്ഷണം കൂടി ജിദ്ദ പ്രവാസികൾക്ക് ഏൽക്കുന്നത്. പുതിയ 'ജിദ്ദ ഡൌൺ ടൌൺ' പൂർണ്ണമാകുന്നതോടെ പുതിയ അവസരങ്ങൾ മുമ്പത്തെക്കാളും മികച്ച രീതിയിൽ തിരിച്ച് വരും എന്ന പ്രതീക്ഷയിലാണ് സ്വദേശികളും വിദേശികളും.