യുഎഇ-ഇന്ത്യ ട്രെയിന്‍ സര്‍വീസിനു പുറമെ കടലിനടിയിലൂടെ റോഡും നിര്‍മിച്ചേക്കും
കബീര്‍ എടവണ്ണ
ദുബയ്: യുഎഇ സര്‍ക്കാര്‍ ഇന്ത്യയിലേക്ക് കടലിനടിയിലൂടെ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന ട്രെയിന്‍ പാത പൂര്‍ത്തീകരിക്കുകയാണെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുമെന്ന് യുഎഇ ദേശീയ ഉപദേശക സമിതി കേന്ദ്രം മേധാവി അബ്ദുല്ല അല്‍ സിഹി പറഞ്ഞു. മണിക്കൂറില്‍ 600 കിലോമീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടുന്ന ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് യുഎഇ പദ്ധതി തയ്യാറാക്കുന്നത്. യുഎഇയിലെ ഫുജൈറയില്‍നിന്നു മുംബൈയിലേക്ക് 1826 കിമി ദുരം 3 മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയും. കടലിന്റെ അടിത്തട്ടിലൂടെ നിര്‍മ്മിക്കുന്നതു കൊണ്ട് പാത കപ്പലുകളുടെ യാത്രയ്ക്ക് തടസ്സമാവില്ല. കടല്‍പാത സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹ്‌റയ്ന്‍ എന്നീ രാജ്യങ്ങളിലേക്കും നിര്‍മിക്കും. പാത പൂര്‍ത്തിയായാല്‍ വിനോദ സഞ്ചാരികള്‍ക്കും തൊഴിലാളികള്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും എത്താന്‍ കഴിയും. മണ്‍സൂണ്‍ സമയത്ത് നര്‍മ്മദ നദിയിലുണ്ടാവുന്ന വെള്ളപ്പൊക്കത്തിലെ വെള്ളം ആ സമയം കടുത്ത ചൂട് അനുഭവപ്പെടുന്ന ഗള്‍ഫ് രാജ്യങ്ങളിലെത്തിക്കാനും തിരിച്ച് ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ അസംസ്‌കൃത എണ്ണ എത്തിക്കാനും കഴിയും.
കൂടാതെ ഇന്ത്യയിലേക്ക് കടലിനടിയിലൂടെ വാഹനങ്ങള്‍ ഓടിച്ചുപോവാന്‍ കഴിയുന്ന റോഡുകള്‍ നിര്‍മിക്കാനുള്ള പഠനവും നടക്കുന്നുണ്ട്. വാഹനം ഓടിച്ച് പോകുന്നവര്‍ക്ക് കടലിനടിയില്‍ വിശ്രമിക്കാനുള്ള ഹോട്ടലുകളും റസ്റ്റോറന്റുകളും പെട്രോള്‍ സ്‌റ്റേഷനുകളും നിര്‍മിക്കും. വെള്ളം കയറാത്ത വലിയ ടണലുകളായിരിക്കും ഇതിനായി ഉപയോഗിക്കുക. ഭാവിയില്‍ പാക്കിസ്താനിലേക്കും ചൈനയിലേക്കും ഇതുപോലെ അണ്ടര്‍ വാട്ടര്‍ പാത പണിയാനും പദ്ധതിയുണ്ട്.