ജുബൈല്‍: ഹൃദയാഘാതം മൂലം മരണപ്പെട്ട കൊല്ലം ആയൂര്‍ വയ്യാനം സ്വദേശി നവാസ് അബ്ബാസിന്റെ (44) മൃതദേഹം ജുബൈലില്‍ ഖബറടക്കി. ബന്ധുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷിയാവാനെത്തിയിരുന്നു.
ഈ മാസം 21ന് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നവാസിന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീടെന്ന സ്വപ്നം, അത് പൂര്‍ത്തിയാവാനിരിക്കെയാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്. ഏഴ് വര്‍ഷത്തെ പ്രവാസത്തില്‍ നിന്ന് സ്വരുക്കൂട്ടിയും കടം വാങ്ങിയും നാട്ടില്‍ ഒരു ചെറിയ വീടിന്റെ പണി ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. പെരുന്നാള്‍ അവധിക്ക് നാട്ടില്‍ ചെന്ന് വീട്ടിലേക്കു താമസം മാറാനിരിക്കെയാണ് മരണം. ആഗസ്ത് 8ന് നാട്ടില്‍ പോകാനായി ടിക്കറ്റെടുത്ത് കാത്തിരിക്കുകയായിരുന്നു നവാസ്.
സൗമ്യ പ്രകൃതക്കാരനും പരോപകാരിയുമായിരുന്ന നവാസ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. മരണാനന്തര നടപടിക്രമങ്ങള്‍ക്ക് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ അജീബ് കോതമംഗലം, ഷിഹാബ് കീച്ചേരി, സജീദ് തിരുവനന്തപുരം നേതൃത്വം നല്‍കി. ബന്ധുക്കളായ ഷാജു, ഫൈസല്‍, റജീബ് എന്നിവര്‍ റിയാദില്‍ നിന്ന് ഖബറടക്ക സമയത്ത് എത്തിച്ചേര്‍ന്നിരുന്നു.
ഖബറടക്കത്തിന് ശേഷം ജുബൈലില്‍ നടന്ന അനുശോചന യോഗത്തില്‍ സോഷ്യല്‍ ഫോറം കേരളാ സ്‌റ്റേറ് പ്രസിഡന്റ് നാസര്‍ കൊടുവള്ളി, സംസ്ഥാന സമിതിയംഗം കുഞ്ഞിക്കോയ താനൂര്‍, ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് സലിം മൗലവി സംസാരിച്ചു.
നാജി മോള്‍ ആണ് നവാസിന്റെ ഭാര്യ. അഹമ്മദ് നജാദ്,അഹമ്മദ് നാജിദ് മക്കളാണ്.