ബെയ്ജിങ്: ചൈന ഓപണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ജയപരാജയങ്ങളുടെ ദിവസമായിരുന്നു ഇന്നലെ. വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ സൈന നെഹ്‌വാള്‍ ആദ്യറൗണ്ടില്‍ത്തന്നെ പുറത്തായി. ജപ്പാന്റെ സെന കവാകമിയെ 21-15, 21-13 സ്‌കോറിന് തോല്‍പിച്ചാണ് മൂന്നാം സീഡായ സിന്ധുവിന്റെ ജയം. 2016ലെ ചൈന ഓപണ്‍ ജേതാവാണ് സിന്ധു. തന്റെ രണ്ടാം കിരീടത്തിനായുള്ള കുതിപ്പിലാണ് സിന്ധു.
സൈന നെഹ്‌വാള്‍ ദക്ഷിണ കൊറിയന്‍ താരം സുന്‍ ജി ഹ്യുന്നിനോടാണ് തോറ്റത്. ആദ്യ സെറ്റില്‍ സൈന മുന്നിട്ടു നിന്നെങ്കിലും രണ്ടാം സെറ്റില്‍ കൊറിയന്‍ താരം തിരിച്ചു വരവ് നടത്തി ജയത്തോടെ മടങ്ങുകയായിരുന്നു. 22-20, 8-21, 14-21 എന്ന സ്‌കോറിനായിരുന്നു ഹ്യുന്നിന്റെ ജയം.
അതേസമയം പുരുഷന്മാരുടെ ഡബിള്‍സില്‍ മനു അത്രി-സുമീത് റെഡ്ഡി സഖ്യം രണ്ടാം റൗണ്ടിലെത്തി. 39 മിനിറ്റുകള്‍ക്കുള്ളിലായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. സ്‌കോര്‍ 13-21, 21-13, 21-12.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ ശ്രീകാന്ത്, എച്ച് എസ് പ്രണോയി എന്നിവര്‍ ഇന്ന് ബാഡ്മിന്റണ്‍ കോര്‍ട്ടിലിറങ്ങും.