ശബരിമല യുവതീപ്രവേശനം: കെപിസിസിയെ വെട്ടിലാക്കി രാഹുല്‍ഗാന്ധി

Update: 2018-10-30 11:28 GMT


ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശത്തില്‍ കെപിസിസിയെ വെട്ടിലാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് രാഹുല്‍ പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോവാന്‍ അനുവദിക്കണം. ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമാണു തന്റെ നിലപാട്. അതേസമയം, പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ ആഗ്രഹത്തിനു വഴങ്ങണമെന്നും രാഹുല്‍ പറഞ്ഞു. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരേ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായി വിവിധ സമരങ്ങള്‍ നടത്തുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി വിയോജിപ്പ് പരസ്യമാക്കിയത്. ശബരിമല പ്രക്ഷോഭത്തില്‍ കേരളഘടകത്തിനു പിന്തുണ തേടി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ളവര്‍ എഐസിസി നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതോടെ സിപിഎം കേരളത്തില്‍ ഇത് രാഷ്ട്രീയായുധമാക്കുമെന്നുറപ്പാണ്. നേരത്തേ സുപ്രിംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തിരുന്ന ആര്‍എസ്എസും കേരളത്തിലെ ബിജെപിയുടെയും സംഘപരിവാര സംഘടനകളുടെയും നിലപാട് കാരണം മലക്കംമറിഞ്ഞിരുന്നു.
നേരത്തേ, ബിജെപി ഉള്‍പ്പെടെയുള്ളവരുടെ സമരത്തില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുക്കുന്നതിനെതിരേ വി ടി ബല്‍റാം എംഎല്‍എയെ പോലുള്ള യുവനേതാക്കള്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഈശ്വറല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് നേതാവെന്നായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം. അതേസമയം, കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ യുവതീപ്രവേശനത്തെ ശക്തമായി എതിര്‍ക്കുകയാണ്.

Similar News