സിപിഎമ്മും ബിജെപിയും ശബരിമല സംഘര്‍ഷ ഭൂമിയാക്കുന്നു: ചെന്നിത്തല

Update: 2018-10-16 13:18 GMT


തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേവസ്വം ബോര്‍ഡ് നടത്തിയ സമവായ ചര്‍ച്ച വെറും നാടകം മാത്രമായിരുന്നെന്ന് വിമര്‍ശിച്ച ചെന്നിത്തല സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ആരോപിച്ചു. സിപിഎം നിലപാട് ബിജെപിക്കാണ് ഗുണം ചെയ്യുന്നത്. സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ്. പക്ഷേ ഇപ്പോള്‍ നടത്തുന്നത് തീക്കളിയാണ്. ശബരിമലയിലെ ആചാരങ്ങള്‍ നിലനിര്‍ത്തണമെന്നാണ് യുഡിഎഫ് നിലപാടെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ സിപിഎം-ബിജെപി നിലപാടുകള്‍ അക്കമിട്ട് നിരത്തിയാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

1. ശബരിമല പ്രശ്‌നം വഷളാക്കാനാണ് സംസ്ഥാന സര്‍ക്കാരും സി പി എം നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നത്.

2. കലക്കവെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാന്‍ ബി ജെ പിയും കള്ളക്കളി നടത്തുന്നു. രണ്ടുകൂട്ടരും ചേര്‍ന്ന് ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണ്.

3. ഇന്ന് ദേവസ്വം ബോര്‍ഡ് നടത്തിയ സമവായ ചര്‍ച്ച വെറും നാടകം മാത്രമായിരുന്നു.

4. സുപ്രീം കോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് റിവ്യു ഹര്‍ജി നല്‍കണമെന്നാണ് പൊതുവെ ഉയര്‍ന്ന് വന്നിട്ടുള്ള ആവശ്യം. അതിന്‍മേല്‍ എന്തെങ്കിലും ഉറപ്പ് നല്‍കാന്‍ പോലും ദേവസ്വം ബോര്‍ഡ് തയ്യാറായിട്ടില്ല. പകരം ഈ മാസം 19 ന് ചേരുന്ന ബോര്‍ഡ് യോഗം തീരുമാനം എടുക്കണമെന്നാണ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞത്. ഇത് പറയാനായിരുന്നെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു ചര്‍ച്ച ഇന്ന് വിളിച്ചത്?

5. ചര്‍ച്ച നടത്തിയെന്ന് വരുത്തിത്തീര്‍ത്ത് സുപ്രീം കോടതി വിധി നടത്തിയെടുക്കാനുള്ള ഗൂഢ ശ്രമമാണ് ദേവസ്വം ബോര്‍ഡ് നടത്തുന്നത്.

6. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ കളളക്കളി തുടക്കം മുതലേ വ്യക്തമായിരുന്നു. കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നാണ് പത്മകുമാര്‍ തുടക്കത്തില്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി പുറത്തിറങ്ങിയപ്പോഴും റിവ്യു ഹര്‍ജി നല്‍കുമെന്നാണ് പത്മകുമാര്‍ പറഞ്ഞത്. പിറ്റേന്ന് മുഖ്യമന്ത്രി പിടിച്ച് വിരട്ടിയതോടെ പത്മകുമാര്‍ തകിടം മറിഞ്ഞു. റിവ്യു ഹര്‍ജി കൊടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് തിരുത്തിപ്പറഞ്ഞു.

6. ദേവസ്വം ബോര്‍ഡ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും അതല്ല യാഥാര്‍ത്ഥ്യം. സി പിഎമ്മിന്റെ ചട്ടുകം മാത്രമാണ്ബോര്‍ഡ്.

7. സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും, പുനഃപരിശോധന ഹര്‍ജി നല്‍കുകയില്ലെന്നും, മുഖ്യമന്ത്രി ഇന്ന് രാവിലെ വ്യക്തമാക്കുകയുണ്ടായി. ബോര്‍ഡിന്റെ സമവായ യോഗത്തില്‍ ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞത് ഇതേ അഭിപ്രായം തന്നെയാണ്.

8. പത്തൊന്‍പതിന് ഇനി ബോര്‍ഡ് ചേരുമ്പോള്‍ മറിച്ച് എന്തെങ്കിലും സംഭവിക്കുമെന്ന് കരുതേണ്ടതില്ല.

9. ഇപ്പോഴത്തെ ചുട്ടു പഴുത്ത അന്തരീക്ഷത്തെ തണുപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നോ ഒരു ശ്രമവും ഉണ്ടാകാത്തത് അങ്ങേയറ്റം ഖേദകരമാണ്. പകരം പ്രശ്‌നം ആളിക്കത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരും ബോര്‍ഡും ശ്രമിക്കുന്നത്.

10. പ്രശ്‌നം വഷളാക്കുന്നതിന് പിന്നില്‍ സിപിഎമ്മിന് ഗൂഢ അജണ്ടയുണ്ട്. സംസ്ഥാനത്ത് വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കാനും അതുവഴി ബി.ജെ.പിയെ സഹായിക്കാനുമണ് സി.പി.എം ബോധപൂര്‍വ്വം ശ്രമിക്കുന്നത്.

12. കഴിഞ്ഞ രണ്ടര വര്‍ഷമായി ബി ജെ പിക്ക് എപ്പോഴൊക്കെ ശക്തിക്ഷയം ഉണ്ടാകുന്നോ, അപ്പോഴൊക്കെ അവരെ പ്രകോപിപ്പിച്ചോ അല്ലാതെയോ അവരെ ശക്തിപ്പെടുത്തി നിര്‍ത്തുകയാണ് സി പി എം ചെയ്യുന്നത്. ഇപ്പോള്‍ സി പിഎം ചെയ്യുന്നതും അത് തന്നെയാണ്.

13. ബി ജെ പി ശക്തിപ്പെടുന്നത് വഴി ജനാധിപത്യ മതേതര ശക്തികളുടെ ശക്തികുറക്കാമെന്ന് സി.പി.എം കണക്ക്കൂട്ടുന്നു. അതിനായിട്ടാണ് സര്‍ക്കാര്‍ ബോധപൂര്‍വ്വം പ്രശ്‌നം വഷളാക്കുന്നത്.

സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ്. പക്ഷേ ഇപ്പോള്‍ നടത്തുന്നത് തീക്കളിയാണ്.

14. കോണ്‍ഗ്രസിനും യുഡിഎഫിനും അന്നും ഇന്നും എന്നും ശബരിമല വിഷയത്തില്‍ ഒരേ നിലപാടാണ്.

15. ശബരിമലയിലെ ആചാരങ്ങള്‍ നിലനിര്‍ത്തണമെന്നാണ് യു ഡി എഫ് നിലപാട്.

16. 2016 ല്‍ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. എന്നാല്‍ തുടര്‍ന്ന് വന്ന ഇടതു സര്‍ക്കാര്‍ ആ സത്യവാങ്ങ്മൂലം പിന്‍വലിച്ചു. പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ ഒരു നിയന്ത്രണവും പാടില്ലെന്ന് സത്യവാങ്ങ്മൂലം നല്‍കി. ഇതാണ് ഇപ്പോഴത്തെ വിധിക്ക് കാരണമായത്.

17. ഹിന്ദു ധര്‍മ ശാസ്ത്രത്തില്‍ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ഉള്‍ക്കൊളളുന്ന കമ്മറ്റിയെ വയ്ക്കണമെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞിരുന്നതായി മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നു. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ ഒരിക്കലും ഇത് ഒരു വാദമുഖമായി കോടതിയില്‍ ഉന്നയിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജയദീപ് ഗുപ്തയാണ് ജൂലായ് 19 ആഗസ്ത് 9 തീയതികളില്‍ വാദം നടത്തിയത്. അദ്ദേഹം ഇത് പരാമര്‍ശിച്ച് പോലുമില്ല. ഈ നിലപാട് സംശയകരമാണ്.

18. ബി ജെ പിക്ക് ദുഷ്ടലാക്കാണ് ശബരിമലയുടെ കാര്യത്തിലുള്ളത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രിം കോടതി വിധിയെ ആര്‍ എസ് എസും ബി ജെ പിയുടെ കേന്ദ്ര നേതൃത്വവും അംഗീകരിച്ചതാണ്. ഇപ്പോഴാകട്ടെ വോട്ട് തട്ടുന്നതിന് വേണ്ടി മാത്രമാണ് അവര്‍ സംസ്ഥാനത്ത് വര്‍ഗീയ വികാരം ഇളക്കിവിടുകയും ജനങ്ങളെ തെരുവില്‍ ഇറക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നത്. ഇതിന് പകരം കേന്ദ്രത്തോട് നിയമനിര്‍മാണം നടത്തണമെന്ന് പറയുകയാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്.

20. ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ബി.ജെ.പി മാര്‍ച്ച് നടത്തേണ്ടിയിരുന്നത് പാര്‍ലമെന്റിലേക്കാണ്.

21. ശബരിമല വിഷയത്തില്‍ സി പി എമ്മിന്റെയും ബി ജെ പിയുടെയും കള്ളക്കളികള്‍ തുറന്നു കാട്ടുന്നതിനും യഥാര്‍ത്ഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമായി ഈ മാസം 22 മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ യു ഡി എഫ് ഏറ്റെടുക്കും.

22. ഈ മാസം 22 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതനാത്ത് ആദ്യത്തെ യോഗം നടക്കും. 31 ന് കൊല്ലത്തും, മറ്റു ജില്ലകളില്‍ നവംബര്‍ മാസത്തിലും യോഗങ്ങള്‍ നടക്കും.

23. ബ്രൂവറി അഴിമതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടും, പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടും വിലക്കയറ്റം തടയുക, റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഈ മാസം 29 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കലും മറ്റു ജില്ലകളില്‍ കളക്‌റ്റേറ്റ് പടിക്കലും യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തും.

Similar News