ന്യൂഡല്‍ഹി: ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കുരാന്റെ വ്യക്തിഗത മികവാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യക്ക് വിനയായതെന്ന് കോച്ച് രവിശാസ്ത്രി. ഇന്ത്യ നന്നായി കളിച്ചു എന്ന മുന്‍ നിലപാട് തിരുത്താന്‍ ശാസ്ത്രി തയ്യാറായില്ല. ഇംഗ്ലീഷ് ടീമല്ല സാമാണ് പരമ്പര 4-1ന് കൈവിടാന്‍ കാരണമായതെന്ന് ഒരു അഭിമുഖത്തില്‍ ശാസ്ത്രി വ്യക്തമാക്കി.
ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 7ന് 87 എന്ന നിലയില്‍ പതറുമ്പോള്‍ സാം കുരാന്‍ അവരുടെ രക്ഷയ്‌ക്കെത്തി. നാലാം ടെസ്റ്റില്‍ 6 വിക്കറ്റിന് 86 എന്ന നിലയില്‍ ഇംഗ്ലണ്ട് തകര്‍ച്ച നേരിട്ടപ്പോഴും സാം രക്ഷകനായി അവതരിച്ചു. എഡ്ഗ്ബാസ്റ്റണില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 50 റണ്‍സ് നേടിയപ്പോള്‍ സാം വിക്കറ്റെടുത്തു. ഇരു ടീമുകള്‍ക്കിടയിലെ വ്യത്യാസം സാം കുരാന്‍ മാത്രമായിരുന്നുവെന്നും ശാസ്ത്രി വിശദീകരിച്ചു.
ഇപ്പോഴും ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ടീം ഇന്ത്യയാണ്. നാം നന്നായി പൊരുതിയെന്നത് ഇംഗ്ലണ്ടിനും അവരുടെ മാധ്യമങ്ങള്‍ക്കും നമുക്കു തന്നെയും അറിയാം. വിമര്‍ശകര്‍ പറയുന്നത് കാര്യമാക്കുന്നില്ലെന്നും ഇന്ത്യന്‍ കോച്ച് തുറന്നടിച്ചു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വിദേശത്ത് ഒമ്പതു ടെസ്റ്റുകള്‍ വിജയിച്ച ടീമാണിത്. അതിനാല്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കാര്യമാക്കുന്നില്ല. ലോകത്ത് എപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ടീമുണ്ടോ? എങ്കില്‍ തനിക്ക് കാട്ടിത്തരൂ. ഇന്ത്യയുടെ ഒരു ടീമും കഴിഞ്ഞ 15-20 വര്‍ഷത്തിനിടെ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇതുപോലെ വിജയങ്ങള്‍ നേടിയിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഓരോ ടെസ്റ്റ് പരമ്പരക്കും മുമ്പായി മൂന്നോ നാലോ സന്നാഹ മല്‍സരങ്ങള്‍ ആവശ്യമാണ്. ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കു മുമ്പായി ഏതാനും സന്നാഹ മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കൂടിയായ രവിശാസ്ത്രി പറഞ്ഞു.
മൂന്നു മല്‍സരങ്ങളുള്ള ട്വന്റി-ട്വന്റി പരമ്പരയോടെ നവംബര്‍ 21നാണ് ഇന്ത്യന്‍ ടീമിന്റെ ആസ്‌ത്രേലിയ പര്യടനം ആരംഭിക്കുക.
അതേസമയം ടീം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന ശാസ്ത്രിയുടെ ന്യായീകരണത്തെ മുന്‍ നായകന്മാരും കോച്ചുമാരും വിമര്‍ശിച്ചിരുന്നു. ശാസ്ത്രിയുടെ വാക്കുകളെ അപക്വമെന്നാണ് അദ്ദേഹത്തെ കോച്ചായി തിരഞ്ഞെടുത്ത കമ്മിറ്റിയില്‍ അംഗമായിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ പ്രതികരിച്ചത്. ശാസ്ത്രി ടീമിനെ കൂടുതല്‍ മെച്ചപ്പെടുത്താനുണ്ടെന്നും ദാദ കൂട്ടിച്ചേര്‍ത്തു.
2007ല്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരേ ഒരു പരമ്പര വിജയിച്ച കാര്യം ചൂണ്ടിക്കാട്ടുകയാണ് സുനില്‍ ഗവാസ്‌കര്‍ ചെയ്തത്. 1980കളിലെ ഇന്ത്യന്‍ ടീമുകള്‍ ഇംഗ്ലണ്ടിലും വെസ്റ്റിന്‍ഡീസിലും പരമ്പരകള്‍ വിജയിച്ചിരുന്നതായും അദ്ദേഹം പറയുന്നു.
മികച്ച പര്യടന ടീം ഗ്രൗണ്ടില്‍ മികച്ച പ്രകടനം നടത്തുകയാണ് ചെയ്യുക അല്ലാതെ ഡ്രസ്സിങ് റൂമിലിരുന്ന് അതിനെക്കുറിച്ച് സംസാരിക്കുകയല്ല എന്നായിരുന്നു മുന്‍ ടെസ്റ്റ് ഓപണിങ് ബാറ്റ്‌സ്മാന്‍ വീരേന്ദ്ര സെവാഗിന്റെ പ്രതികരണം.