ആരാധനാ സ്വാതന്ത്ര്യമെന്നാല്‍ അശുദ്ധമാക്കാനുള്ള അവകാശമല്ല:സ്മൃതി ഇറാനി

Update: 2018-10-25 04:15 GMT
ന്യൂഡല്‍ഹി: ശബരിമല യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം വിവാദത്തില്‍. ആരാധനാ സ്വാതന്ത്ര്യമെന്നാല്‍ അശുദ്ധമാക്കാനുള്ള അവകാശമല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ബ്രിട്ടീഷ് ഹൈക്കമ്മീഷനും ഒബ്‌സേര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷനും കഴിഞ്ഞ ദിവസം സംഘടിപ്പിച്ച 'പുത ചിന്തകര്‍ (യംങ് തിങ്കേര്‍സ്) പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു മന്ത്രി.


ക്യാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിക്കുന്നത് കൊണ്ടുതന്നെ സുപ്രിംകോടതി വിധിക്കെതിരെ പറയാന്‍ താന്‍ ആളല്ല. എന്നാല്‍ സമാന്യ യുക്തിയില്‍ പറഞ്ഞാല്‍, നിങ്ങളാരെങ്കിലും ആര്‍ത്തവ രക്തം പുരണ്ട സാനിട്ടറി നാപ്കിന്‍ സുഹൃത്തുക്കളുടെ വീട്ടില്‍ കൊണ്ടുപോകുമോ? നിങ്ങളങ്ങനെ ചെയ്യില്ല. ദൈവ സന്നിധിയില്‍ ഇതേരീതിയില്‍ പോകുന്നത് ശരിയാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? അവിടെയാണ് വ്യത്യാസം. എനിക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അശുദ്ധമാക്കാനുള്ള അവകാശമില്ല. നമ്മള്‍ ഇത് തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യണമെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. അന്ധേരിയിലെ പ്രസിദ്ധമായൊരു ക്ഷേത്രത്തില്‍ പോയപ്പോള്‍ അകത്തു പ്രവേശിക്കാതെ പുറത്തു തന്നെ നിന്നു പ്രാര്‍ഥിച്ചതേയുള്ളൂവെന്നും താന്‍ മാറ്റിനിര്‍ത്തപ്പെട്ടുവെന്നും അവിടെ നില്‍ക്കരുതെന്ന് തനിക്ക് നിര്‍ദേശം ലഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്മൃതിയുടെ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

Similar News