ഒടുവില്‍ യാഹൂ മെസഞ്ചറിന് ചരമക്കുറിപ്പ്

Update: 2018-07-17 06:49 GMT

വാട്ട്‌സാപ്പും ഫെയ്‌സ്ബുക്കുമൊക്കെ കളംവാഴും മുമ്പ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട ചാറ്റിങ് താവളമായ യാഹൂ മെസഞ്ചര്‍ ഒടുവില്‍ വിട പറയുന്നു. 2018 ജൂലൈ 17ന് മെസഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു.

വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, സ്‌നാപ്പ് ചാറ്റ് തുടങ്ങിയ ആധുനിക ചാറ്റ് സേവനങ്ങളോട് മല്‍സരിച്ച് പരാജയപ്പെട്ടാണ് യാഹൂ മെസഞ്ചറിന്റെ മടക്കം. പല പുതുമകളും ഉള്‍പ്പെടുത്തി യാഹൂ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഉപയോക്താക്കളെ തിരിച്ചുപിടിക്കാനായില്ല. ഇതുവരെ മെസഞ്ചര്‍ ഉപയോഗിച്ചിരുന്നവര്‍ക്ക് തങ്ങളുടെ ചാറ്റ് ഹിസ്റ്ററി ആറ് മാസത്തിനകം ഡൗണ്‍ലോഡ് ചെയ്യാം.

1998 മാര്‍ച്ച് 9ന് തുടക്കം കുറിച്ച യാഹൂ മെസഞ്ചര്‍ 20 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിടപറയുന്നത്. യാഹൂ പേജര്‍ എന്നപേരില്‍ ആരംഭിച്ച സേവനം 1999 ജൂണ്‍ 21നാണ് യാഹൂ മെസഞ്ചര്‍ എന്ന പേര് സ്വീകരിച്ചത്.

2001ല്‍ 11 ദശലക്ഷം ഉണ്ടായിരുന്ന യൂസര്‍മാരുടെ എണ്ണം 2009 ആയപ്പോഴേക്കും 122.6 ദശലക്ഷമായി കുതിച്ചുയര്‍ന്നു. 2006ല്‍ യാഹൂവും മൈക്രോസോഫ്റ്റും തമ്മില്‍ ഉണ്ടാക്കിയ ടൈഅപ്പിലൂടെ ഇരുമെസഞ്ചറുകളിലും ഒരൊറ്റ അക്കൗണ്ട് വഴി ചാറ്റ് ചെയ്യാനുള്ള സംവിധാനമുണ്ടാക്കിയത് യൂസര്‍മാരെ വന്‍തോതില്‍ ആകര്‍ഷിച്ചിരുന്നു.

പാട്ട് പാടിയും കൂട്ട് കൂടിയും ചിലപ്പോള്‍ തല്ല് കൂടിയും ബഹളമയമായിരുന്ന പബ്ലിക്ക് ചാറ്റ് റൂം സേവനം 2014ല്‍ കമ്പനി അവസാനിപ്പിച്ചു. ഇത് മെസഞ്ചര്‍ തിരിഞ്ഞു നടക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. 2014ല്‍ മെസഞ്ചറില്‍ നിന്ന് ഗെയിമുകള്‍ നീക്കം ചെയ്തു. ചാറ്റിങിനിടെ പരസ്പരം ഗെയിം കളിക്കാനുള്ള അവസരമാണ് ഇതോടെ നഷ്ടമായത്.

അയച്ച മെസേജുകള്‍ തിരിച്ചുവിളിക്കാനുള്ള സൗകര്യവുമായി 2015ല്‍  ഒരു മുഖംമിനുക്കലിന് ശ്രമിച്ചിരുന്നു. എന്നാല്‍, ഒന്നും ഫലവത്തായില്ല. ഒടുവില്‍ എംഎസ്എന്‍ മെസഞ്ചറിനും(2014) എഒഎല്‍ ഇന്‍സ്റ്റന്റ് മെസഞ്ചറിനും(2017) പിന്നാലെ ഒരുപിടി നല്ല ഓര്‍മകള്‍ ബാക്കിയാക്കി യാഹൂ മെസഞ്ചറും വിടപറയുകയാണ്.
Tags:    

Similar News