അസിസ്റ്റില്‍ ഹാട്രിക് തികച്ച റോണോ: യുവന്റസിന് തകര്‍പ്പന്‍ ജയം

Update: 2018-09-30 18:41 GMT

ടുറിന്‍: യുവന്റസിന് വീണ മൂന്ന് ഗോളില്‍ മൂന്നിനും വഴിയൊരുക്കിയ റോണോ മികവില്‍ അപരാജിതക്കുതിപ്പുമായി യുവന്റസ്. ഇറ്റാലിയന്‍ സീരി എയിലെ കിരീട പോരാട്ടത്തില്‍ തങ്ങള്‍ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതപ്പെടുന്ന നാപ്പൊളിയെ 3-1നാണ് യുവന്റസ് കീഴടക്കിയത്. മരിയോ മാന്‍സുക്കിച്ചിന്റെ ഇരട്ടഗോളും യുവന്റസിന്റെ വിജയത്തിന് നിര്‍ണായകമായി. ബെല്‍ജിയം മുന്നേറ്റതാരം ഡ്രൈസ് മെര്‍ട്ടന്‍സാണ് നാപ്പൊളിയുടെ ഏകഗോള്‍ നേടിയത്.
ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് യുവന്റസ് മൂന്ന് ഗോളും എതിര്‍പോസ്റ്റില്‍ നിക്ഷേപിച്ചത്. സീരി എ യില്‍ യുവന്റസിന്റെ തുടര്‍ച്ചയായ ഏഴാം ജയം കൂടിയാണിത്. ജയത്തോടെ യുവന്റസ് പോയിന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലെത്തി. ഏഴു മല്‍സരങ്ങളില്‍ നിന്നായി 21 പോയിന്റാണവര്‍ക്കുള്ളത്. രണ്ടാം സ്ഥാനത്തുളള നാപ്പൊളിക്ക് 15 പോയിന്റുണ്ട്. ഇരു ടീമും തമ്മില്‍ ആറ് പോയിന്റിന്റെ വ്യത്യാസം.
ഇറ്റാലിയന്‍ ലീഗിലെ രണ്ട് കരുത്തര്‍ തമ്മില്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ മെര്‍ട്ടന്‍സിലൂടെ നാപോളിയാണ് ആദ്യം മുന്നിലെത്തിയത്. 10ാം മിനിറ്റില്‍ത്തന്നെ പിന്നിലായെങ്കിലും യുവന്റസ് പതറിയില്ല. 26ാം മിനിറ്റില്‍ നാപ്പൊളിയുടെ പ്രതിരോധപ്പിഴവിനും യുവന്റസിന്റെ കണ്ണഞ്ചിപ്പിക്കുന്ന പാസിങിനുമൊടുവില്‍ മാന്‍സുക്കിച്ചാണ് യുവന്റസിനെ ഒപ്പമെത്തിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. പിന്നീട് ഗോളുകള്‍ പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷമുള്ള രണ്ടാം പകുതിയിലെ 49ാം മിനിറ്റില്‍ റോണോയുടെ അസിസ്റ്റിലൂടെ ഇത്തവണയും മാന്‍സുകിച്ച് നാപ്പൊളി വല കുലുക്കി. നാപ്പൊളി വലയ്ക്ക് നേരേ റോണോയുടെ ഷോട്ട് പാഞ്ഞെങ്കിലും പോസ്റ്റിന്റെ വലത് വശത്തുള്ള ക്രോസ് ബാറില്‍ തട്ടി തിരിച്ചെത്തിയ പന്ത് വലയിലെത്തിച്ചാണ് മാന്‍സുകിച്ച് ഗോള്‍ നേട്ടം രണ്ടാക്കിയത്. അതോടെ ഒരു ഗോളിന്റെ ലീഡിന് യുവന്റസ് മുന്നില്‍. ഇതിനിടെ 58ാം മിനിറ്റില്‍ റൂയി രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ചുവപ്പ് കാര്‍ഡുമായി മടങ്ങിയതോടെ 10 പേരുമായി ചുരുങ്ങിയ നാപ്പൊളി വല തുളയ്ക്കാന്‍ യുവന്റസിന് 76ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഈ മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തന്നെ ഹെഡ്ഡര്‍ അസിസ്റ്റില്‍ ബൊനൂച്ചിയും ഗോള്‍കണ്ടെത്തിയതോടെ യുവന്റസ് മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം നേടുകയായിരുന്നു.
മറ്റ് മല്‍സരങ്ങളില്‍ ഇന്റര്‍ കാഗ്ലിയാരിയെ 2-0നും എ എസ് റോമ ലാസിയോയെ 3-1നും പരാജയപ്പെടുത്തി.
Tags:    

Similar News