നിലപാടില്‍ മലക്കം മറിഞ്ഞ് ആര്‍എസ്എസ്; ശബരിമല വിധി ആചാരങ്ങള്‍ പരിഗണിക്കാതെയെന്ന്

Update: 2018-10-18 07:17 GMT


ന്യൂഡല്‍ഹി: രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ക്കണ്ട് ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുന്‍നിലപാട് തിരുത്തി ആര്‍എസ്എസ്. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കണം എന്ന നിലപാട് ആര്‍എസ്എസ് ത്ിരുത്തി. നിലവിലെ ആചാരങ്ങള്‍ പരിഗണിക്കാതെയുളള വിധിയാണ് സുപ്രിം കോടതിയുടേതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. വിജയദശമി ദിനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ആര്‍എസ്എസ് മേധാവി നിലപാട് മാറ്റം വ്യക്തമാക്കിയത്.

സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നത് സമവായത്തിലൂടെയാകണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ വികാരം പരിഗണിച്ചല്ല സുപ്രിംകോടതി വിധി. മതനേതാക്കളെയും പുരോഹിതരെയും വിശ്വാസത്തില്‍ എടുക്കണമായിരുന്നു. ശബരിമലയുമായി ബന്ധമില്ലാത്തവരുടെ പരാതിയിലാണ് വിധി ഉണ്ടായത്. വിധി സമൂഹത്തില്‍ അശാന്തിയും അതൃപ്തിയും ഭിന്നതയും ഉണ്ടാക്കിയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

2016ല്‍ ആര്‍എസ്എസ് പ്രഖ്യാപിച്ച നിലപാട് പുരുഷന്‍മാര്‍ക്ക് പ്രവേശനമുള്ളിടത്തെല്ലാം സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണം എന്നായിരുന്നു. സപ്തംബര്‍ 18ന് സുപ്രിംകോടതിയുടെ ചരിത്രവിധി വന്ന ദിവസം ആര്‍എസ്എസ് വിധിയെ സ്വാഗതം ചെയ്തിരുന്നു. തുല്യതയുടെ ഒരു ഉദാഹരണം എന്നായിരുന്നു ആര്‍എസ്എസ് അന്ന് വിധിന്യായത്തെ വിശേഷിപ്പിച്ചത്. ബിജെപി ദേശീയ നേതൃത്വവും വിധിക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. ശബരിമല സ്ത്രീ പ്രവേശനം തേടി സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചതും സംഘപരിവാര കേന്ദ്രങ്ങളാണെന്ന വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്.
Tags:    

Similar News