സിറിയ അബദ്ധത്തില്‍ വിമാനം വെടിവച്ചിട്ടു, ഉത്തരവാദിത്തം ഇസ്രയേലിനെന്ന് റഷ്യ
മോസ്‌കോ : സിറിയയുടെ ആകാശത്ത് വച്ച് റഡാറില്‍ നിന്നും കാണാതായ തങ്ങളുടെ സൈനിക വിമാനം ഇസ്രയേലിന്റെ ആക്രമണം നേരിടുന്നതിനിടെ സിറിയ അബദ്ധത്തില്‍ വെടിവെച്ച് വീഴ്ത്തിയതാണെന്ന് റഷ്യ. ഇസ്രായേല്‍ വ്യോമസേനയ്ക്കാണ് സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നും, ഇതിലുള്ള പ്രതികരണനടപടികളെക്കുറിച്ച് റഷ്യ ആലോചിച്ചേക്കുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ഗി ഷോയ്ഗു ഇസ്രയേല്‍ പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാനെ ഫോണില്‍ അറിയിച്ചു. ഭാവി നടപടികളില്‍ പൂര്‍ണ അവകാശം റഷ്യയ്ക്കുണ്ടെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇസ്രായേല്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
സംഭവത്തിന്റ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ അംബാസിഡറെ റഷ്യ വിളിച്ചുവരുത്തിയിട്ടുമുണ്ട്.
റഷ്യന്‍ സമയം തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് 15 യാത്രക്കാരുമായി വിമാനം കാണാതായത്.
ഇസ്രായേലും ഫ്രാന്‍സും സിറിയയില്‍ വ്യോമാക്രമണം നടത്തവേയായിരുന്നു വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. സിറിയയിലെ ലക്ഷ്യങ്ങള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്ന ഇസ്രായേലി പൈലറ്റുമാര്‍ റഷ്യന്‍ വിമാനത്തെ മറയാക്കി സിറിയന്‍ പ്രത്യാക്രമണങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു എന്നാണ് റഷ്യന്‍ സൈന്യം പറയുന്നത്. വിമാനത്തിലെ 15 റഷ്യന്‍ സൈനികരും മരിച്ചു.
സംഭവം നടക്കുമ്പോള്‍ ഫ്രാന്‍സിന്റെ യുദ്ധക്കപ്പലുകളിലൊന്നില്‍ നിന്ന്് റോക്കറ്റ് വിക്ഷേപിക്കപ്പെട്ടതായി റഷ്യയുടെ എയര്‍ കണ്‍ട്രോള്‍ റഡാര്‍ സിസ്റ്റം കണ്ടെത്തിയിരുന്നു. എന്നാല്‍ റഷ്യയുടേതായി ഏറ്റവുമൊടുവില്‍ പുറത്തു വന്ന പ്രതികരണങ്ങളില്‍ ഫ്രഞ്ച് യുദ്ധക്കപ്പലുകളില്‍ നിന്നുള്ള ആക്രമണത്തെക്കുറിച്ച് പരാമര്‍ശമില്ല എന്നതും ശ്രദ്ധേയമാണ്.
അതേസമയം സിറിയയില്‍ മിസൈലാക്രമണത്തെത്തുടര്‍ന്ന് രണ്ടു പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.