ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടു. തുലാമാസ പൂജയ്ക്കായി നട നാളെ തുറക്കാനിരിക്കെയാണ് പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയത്. ശബരിമല വിധി പുനപരിശോധിക്കാന്‍ ഉടന്‍ ഹര്‍ജി നല്‍കില്ലെന്നും 19ന് ചേരുന്ന യോഗത്തില്‍ മാത്രമേ വിഷയം ചര്‍ച്ചചെയ്യൂവെന്നും ദേവസ്വംബോര്‍ഡ് വ്യക്തമാക്കി. ഇതോടെ പന്തളം കൊട്ടാരം പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്‌കരിച്ചു.
ശബരിമലയെ യുദ്ധക്കളമാക്കരുതെന്നു പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പ്രതികരിച്ചു. സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന ഹൈക്കോടതി വിധി റദ്ദായിട്ടില്ലെന്നും ദേവസ്വം ബോര്‍ഡിന്റെ നിലപാട് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജിനല്‍കാനോ പുതിയ നിയമ നിര്‍മ്മാണത്തിനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.