ഖഷഗ്ജിയുടെ കൊല: നിര്‍ഭാഗ്യവശാല്‍ സംഭവിച്ച ഗുരുതര തെറ്റെന്ന് സൗദി

Update: 2018-10-22 05:16 GMT
റിയാദ്: ഖഷഗ്ജി കൊല്ലപ്പെട്ടത് നിര്‍ഭാഗ്യവശാല്‍ സംഭവിച്ച ഗുരുതര തെറ്റെന്ന് സൗദി.സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സൗദിക്കെതിരെ രാജ്യാന്തര സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് പ്രതികരണം.അതി
നിടെ,ഖഷഗ്ജിയുടെ കൊലപാതകത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുപ്പമുള്ള ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമേല്‍ കുറ്റം ആരോപിക്കുന്നത് സൗദി ഭരണകൂടം പരിഗണിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.



ബിന്‍ സല്‍മാന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജനറല്‍ അഹ്മദ് അല്‍ അസ്സീരിയെയാരിക്കും സൗദി ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുക എന്നും ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഖഷഗ്ജിയെ കൊലപ്പെടുത്തി മൃതശരീരം തുണ്ടംതുണ്ടമാക്കി ഉപേക്ഷിച്ചിരിക്കാമെന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതു സൗദി നിഷേധിച്ചിരിക്കുകയാണ്. ഖഷഗ്ജിയുടെ തിരോധാനത്തോടെ സൗദി അറേബ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.
അതേസമയം, സൗദിയുടെ വിശദീകരണം കള്ളം നിറഞ്ഞതാണ്.ഒപ്പം അതില്‍ കൃത്രിമത്വവുമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുഎസിലെ സൗദി അംബാസിഡറെ പുറത്താക്കണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുമുണ്ട്.നേരത്തെ ഈ കൊലപാതകത്തിന്റെ ഉത്തരവാദി സൗദി ഭരണകൂടമാണെന്ന് വ്യക്തമായാല്‍ നേരിടേണ്ടിവരിക കടുത്ത പ്രത്യാഘാതങ്ങളായിരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. സംഭവത്തില്‍ സൗദിയുടെ ഉന്നതതല ഇടപെടല്‍ നടന്നിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടുകളില്‍ അദ്ദേഹം വിശ്വാസ്യത അറിയിക്കുകയും ചെയ്തു. അതേസമയം ഖഷഗ്ജി കൊല്ലപ്പെട്ടതിനു തെളിവായി ലഭിച്ച ശബ്ദരേഖകള്‍ തങ്ങള്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത്ത് കാവൂസ് ഒഗ്‌ലു. ശബ്ദരേഖകള്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോക്ക് കൈമാറിയെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഖഷഗ്ജി തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുതാര്യമായി ലോകത്തെ അറിയിക്കുമെന്നും കാവൂസ് ഒഗ്‌ലു അറിയിച്ചു. തിരോധാനവുമായി ബന്ധപ്പെട്ട് ഇസ്താംബൂളിള്‍ പ്രാന്തപ്രദേശങ്ങളിലെ കാടുകളിലും മര്‍മര കടലിനു സമീപവും തിരച്ചില്‍ ആരംഭിച്ചതായി രണ്ടു തുര്‍ക്കിഷ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഖഷഗ്ജിയുടെ മൃതദേഹം ഇസ്താംബൂളിന് സമീപത്തെ ബെല്‍ഗ്രാഡ് കാടുകളില്‍ ഉപേക്ഷിച്ചിരിക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു തിരച്ചില്‍ നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൗദി കോണ്‍സുലേറ്റില്‍ നടത്തിയ പരിശോധനയില്‍ നിരവധി സാംപിളുകള്‍ കണ്ടെത്തിയതായും അവ ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Similar News