ശബരിമല: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു തിരിച്ചടിയുണ്ടാവും-ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ ദേശീയതലത്തില്‍ സിപിഎം എടുക്കുന്ന നിലപാട് കേരളത്തില്‍ അവര്‍ക്കു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 75ാം ജന്‍മദിനഭാഗമായി സ്വകാര്യ ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല പ്രശ്‌നത്തില്‍ യുഡിഎഫിനു തിരിച്ചടിയുണ്ടാവില്ല. യുവതീപ്രവേശനത്തില്‍ രാഹുല്‍ ഗാന്ധി വ്യത്യസ്ത അഭിപ്രായം പറഞ്ഞെങ്കിലും യുക്തമായ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് അവസരം നല്‍കിയതു നല്ല നിലപാടാണ്. ശബരിമലയെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളി കേരളജനത അംഗീകരിക്കില്ല. ബിജെപി നടത്തിയ അക്രമങ്ങള്‍ ശബരിമലയോടുള്ള അനാദരമാണ്. ശബരിമല യുവതീപ്രവേശ പ്രശ്‌നത്തില്‍ സിപിഎമ്മും ബിജെപിയും സ്വീകരിച്ച നിലപാടിനിടയില്‍ പെട്ട് യുഡിഎഫിനു തിരിച്ചടിയുണ്ടാവുമെന്നതു ശരിയല്ല. ശബരിമലയോട് ആദരവുണ്ടെങ്കില്‍ ബിജെപി അവിടെ അക്രമം നടത്തുമോ. രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ താന്‍ പോസിറ്റീവായാണ് കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളത്തില്‍ അഭിമാനകരമായ വിജയം നേടും.
സോളാര്‍ വിവാദത്തില്‍ സരിതാ നായരുമായി ബന്ധപ്പെട്ട പീഡനക്കേസ് സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ തന്നെ വേദനിപ്പിച്ചിരുന്നില്ല. അതിനേക്കാള്‍ ഏറ്റവും വേദനിപ്പിച്ചത് ട്രെയിന്‍ യാത്രാവിവാദമാണ്. യുഡിഎഫ് കണ്‍വീനറായിരുന്ന സമയത്താണ് ട്രെയിന്‍ യാത്രാ വിവാദമുണ്ടായത്. ഭാര്യയ്‌ക്കൊപ്പം സഞ്ചരിച്ചതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിച്ചത് ഏറെ തളര്‍ത്തി. തന്റെ കാര്യത്തില്‍ പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അനുസരിക്കും. ഇതുവരെ ധാരാളം അവസരങ്ങള്‍ കിട്ടി, അതില്‍ പൂര്‍ണ തൃപ്തനാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.