ചവറ: ഷാഡോ പോലിസ് ചമഞ്ഞ് തട്ടിപ്പുനടത്താന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ ചവറ പോലിസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ്-യുവമോര്‍ച്ച സംഘടനകളുടെ ജില്ലാ നേതാവായ തേവലക്കര പാലയ്ക്കല്‍ കളീയ്ക്കല്‍ തെക്കതില്‍ അഭിജിത്ത്(27), സഹായി ചേര്‍ത്തല സിഎംസി 25 വട്ടത്തറ വീട്ടില്‍ അര്‍ജുനന്‍(21) എന്നിവരാണ് അറസ്റ്റിലായത്. പോലിസ് പറയുന്നത് ഇങ്ങനെ: അറസ്റ്റിലായ അര്‍ജുനന്‍ ജോലി ചെയ്യുന്ന കൊല്ലത്തെ ബുക്ക് വിതരണ കമ്പനിയിലെ ഉടമയായ ജിനു ജോസഫിനെ അഭിജിത്ത് ഫോണിലൂടെ വിളിച്ച് അര്‍ജുനനെ പോലിസ് കസ്റ്റഡിയില്‍ എടുത്തതായി അറിയിച്ചു. കേസില്‍ നിന്നു രക്ഷിക്കാമെന്നു പറഞ്ഞ് 10000 രൂപ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ജിനു ജോസഫ് പോലിസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു സംഭവമില്ലെന്നു തെളിഞ്ഞു. തുടര്‍ന്ന് പോലിസ് സഹായത്തോടെ പണവുമായി സ്‌റ്റേഷനു സമീപമെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന അഭിജിത്തിനെയും ഒപ്പമുണ്ടായിരുന്ന അര്‍ജുനനെയും പോലിസ് പിടികൂടുകയായിരുന്നു. അര്‍ജുനന്റെ ഒത്താശയോടെ പണം കവരാനാണു ശ്രമിച്ചത്. അഭിജിത്തിന്റെ മാതാവ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. നിരവധി കേസുകളിലെ പ്രതിയായ ഇയാള്‍ തെക്കുംഭാഗം പോലിസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളതും ഗുണ്ടാ നിയമപ്രകാരം ജയില്‍ശിക്ഷ അനുഭവിച്ചയാളുമാണെന്നു ചവറ പോലിസ് പറഞ്ഞു. എസ്‌ഐ സുകേഷിന്റെ നേതൃത്വത്തില്‍ തുടരന്വേഷണം നടക്കും.