ടോക്കിയോ: ജപ്പാന്‍ ഓപണില്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം. വനിതാ താരം പി വി സിന്ധുവും പുരുഷ താരങ്ങളായ കിഡംബി ശ്രീകാന്തും എച്ച് എസ് പ്രണോയിയും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോള്‍ നിലവിലെ ഹൈദരാബാദ് ഓപണ്‍ ജേതാവ് സമീര്‍ വര്‍മ പൊരുതിത്തോറ്റു.
നിലവിലെ ലോക മൂന്നാം നമ്പര്‍ താരവും ഏഷ്യന്‍ ഗെയിംസ്് ഫൈനലിസ്റ്റുമായ സിന്ധു ആതിഥേയ താരം സയാക തകഹാഷിയെയാണ് കീഴടക്കിയത്. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധു ജയം സ്വന്തമാക്കിയത്. സ്‌കോര്‍: 21- 17, 7-21, 21-13.
ആദ്യ ഗെയിം 10-16ന് പിന്നിട്ടു നിന്ന ശേഷമാണ് സിന്ധു 21-17ന് സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഗെയിം 7-21ന് എതിര്‍താരത്തിന് അടിയറവച്ചു. ഇരുവര്‍ക്കും നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവിലൂടെ 21-13ന് നേടിയ സിന്ധു മല്‍സരവും സ്വന്തമാക്കി.
എന്നാല്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവിനെയാണ് ലോക 13ാം നമ്പര്‍ താരമായ എച്ച് എസ് പ്രണോയ് പരാജയപ്പെടുത്തിയത്. ലോക 12ാം നമ്പര്‍ താരമായ ജൊനാഥന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കായിരുന്നു പ്രണോയ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-18, 21-17. 46 മിനിറ്റ് നീണ്ട മല്‍സരത്തിനു ശേഷമാണ് ഇന്തോനീസ്യന്‍ താരത്തെ മറികടക്കുവാന്‍ പ്രണോയ്ക്ക് സാധിച്ചത്.
ഇന്നലെ നടന്ന ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളില്‍ അനായാസ ജയം സ്വന്തമാക്കിയത് ശ്രീകാന്തായിരുന്നു. 21-13, 21-15 എന്ന സ്‌കോറിനു ലോക 31ാം നമ്പര്‍ ചൈനീസ് താരം ഹുവാങ് യൂക്‌സിയാങിനെയാണ് 33 മിനിറ്റ് നീണ്ട മല്‍സരത്തിനൊടുവില്‍ ശ്രീകാന്ത് പരാജയപ്പെടുത്തിയത്. രണ്ടാം റൗണ്ടില്‍ ലോക 27ാം റാങ്കുകാരന്‍ വോങ് വിങ് കി വിന്‍സെന്റാണ് ശ്രീകാന്തിന്റെ എതിരാളി. ഏഷ്യന്‍ ഗെയിംസില്‍ കിഡംബി ഇതേ എതിരാളിയോടാണ് രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടത്. വനിതാ സിംഗിള്‍സില്‍ 14ാം നമ്പര്‍ ചൈനീസ് താരം ഫാങ്ജി ഗാവോയാണ് സിന്ധുവിന്റെ എതിരാളി.
അതേസമയം, ലോക 33ാം റാങ്കുകാരന്‍ ലീ ഡോങ് ക്യുനിന്നോടാണ് 23ാം നമ്പര്‍ താരമായ സമീര്‍ വര്‍മ പരാജയപ്പെട്ടത്. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലായിരുന്നു താരത്തിന്റെ കീഴടങ്ങല്‍. സ്‌കോര്‍: 18-21, 22-20, 10-21. ആദ്യ ഗെയിം 18-21ന് പൊരുതി കീഴടങ്ങിയ സമീര്‍ സമാനമായ രീതിയില്‍ തീപാറും പോരാട്ടത്തില്‍ രണ്ടാം ഗെയിം 22-20ന് നേടി മല്‍സരം നിര്‍ണായകമായ മൂന്നാം ഗെയിമിലേക്ക് നീട്ടി. എന്നാല്‍ മൂന്നാം ഗെയിമില്‍ നിറം മങ്ങിയ പ്രകടനം കാഴ്ച വച്ച താരം 10-21നു ഗെയിമും മല്‍സരവും അടിയറവ് പറയുകയായിരുന്നു.