രാഹുല്‍ ജോഹരിക്കെതിരായ മീറ്റു ആരോപണം: ഇന്ത്യന്‍ ക്രിക്കറ്റിന് എതിരേ ആഞ്ഞടിച്ച് സൗരവ് ഗാംഗുലി
മുംബൈ: മീ റ്റു ആരോപണത്തില്‍ കുരുങ്ങിയ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രിക്കെതിരേ കേസന്വേഷിക്കുന്നതിന് ഉത്തവിടുന്നവതില്‍ ബിസിസിഐക്ക് വീഴ്ച പറ്റിയെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനും നിലവിലെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.
ഇന്ത്യന്‍ ക്രിക്കറ്റ് ഭരണം നാശത്തിലേക്കാണ് പോകുന്നതെന്ന മുന്നറിയിപ്പോടെയാണ് താരം തുറന്നടിച്ചത്. ബിസിസിഐയുടെ പ്രതിച്ഛായ മോശമാകുമോയെന്ന ആശങ്കയിലാണ് താനെന്നും താരം കൂട്ടിച്ചേര്‍ത്തു. ബിസിസിഐയുടെ ആക്ടിങ് പ്രസിഡന്റ് സികെ ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറന്‍ അനിരുദ്ധ് ചൗധരി എന്നിവര്‍ക്ക് അയച്ച കത്തിലാണ് ഗാംഗുലി ഇക്കാര്യം പറയുന്നത്. രാഹുല്‍ ജോഹ്‌രിക്കെതിരായ പീഡനാരോപണത്തില്‍ എത്രത്തോളം സത്യമുണ്ട് എന്ന് എനിക്കറിയില്ല. എങ്കിലും ഇത് ബിസിസിഐയുടെ പ്രതിച്ഛായയ്ക്ക് കാര്യമായ കോട്ടം വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ആ സംഭവം കൈകാര്യം ചെയ്ത രീതിയിലെ പിഴവുകള്‍- ഗാംഗുലി ചൂണ്ടിക്കാട്ടുന്നു.