സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം കൊല്ലത്ത് പൂര്‍ത്തിയായി

Update: 2018-10-28 14:03 GMT


കൊല്ലം :ഇരുപത്തിയൊന്നാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം കൊല്ലത്ത് പൂര്‍ത്തിയായി. കേള്‍വി പരിമിതരുടെ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ചിത്രീകരണ മത്സരം സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു. ശബ്ദ ലോകം അന്യമായവര്‍ നിത്യജീവിതത്തിലെ ആശയവിനിമയത്തിനുപയോഗിക്കുന്ന ആംഗ്യഭാഷ, ആത്മവിശ്വാസത്തോടെ സ്‌റ്റേജില്‍ അവതരിപ്പിച്ചപ്പോള്‍ സംഭാഷണം ഇല്ലാതെതന്നെ കഥാസന്ദര്‍ഭങ്ങള്‍ ആസ്വാദകമനസ്സില്‍ അനായാസം അടയാളപ്പെടുത്തപ്പെട്ടു.
മൂന്നുദിവസം നീണ്ട കലോത്സവത്തില്‍ 229 വിദ്യാലയങ്ങളില്‍നിന്നുള്ള 1612 ഭിന്നശേഷിക്കാരായ കുട്ടികള്‍ കലാപരമായ കഴിവുകള്‍ പ്രകടിപ്പിച്ചു. 90 ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. കാഴ്ച പരിമിതരുടെ യു.പി. വിഭാഗത്തില്‍ കോഴിക്കോട് ജില്ലയും, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവന്തപുരം ജില്ലയും ഒന്നാമതെത്തി. കേള്‍വി പരിമിതരുടെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ഭാഗങ്ങളില്‍ പത്തനംതിട്ട ജില്ലയ്ക്കാണ് ഒന്നാംസ്ഥാനം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ എറണാകുളത്തിനാണ് ഒന്നാംസ്ഥാനം. പ്രളയ ദുരന്തത്തിന് പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സമാപനസമ്മേളനം ഒഴിവാക്കി. ജേതാക്കള്‍ക്ക് സാക്ഷ്യപത്രവും ക്യാഷ് അവാര്‍ഡും ഫലപ്രഖ്യാപന വേളയില്‍ തന്നെ നല്‍കിയിരുന്നു.

Similar News