സന്നിധാനത്ത് സമയ നിയന്ത്രണം; സംഘര്‍ഷങ്ങളില്‍ 146 കേസുകള്‍; നടപടി കര്‍ശനമാക്കും
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ തങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ പൊലിസ് ഉന്നതതല യോഗം തീരുമാനിച്ചു. തീര്‍ത്ഥാടകള്‍ 16 മുതല്‍ 24 മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. സന്നിധാനത്തെ തിരക്കും തമ്പടിക്കുന്നതും നിയന്ത്രിക്കുന്നതിനാണ് പോലിസ് നീക്കം. തീര്‍ത്ഥാടകര്‍ക്ക് ഒരു ദിവസത്തില്‍ കൂടുതല്‍ മുറി അനുവദിക്കരുതെന്നും പോലിസ് നിര്‍ദേശിച്ചു. ഇക്കാര്യം ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഈ മാസം 29 ന് വീണ്ടും ഉന്നത തല യോഗം ചേരും. പോലിസ് ഉന്നതതല യോഗത്തിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തില്‍ സന്നിധാനത്തുണ്ടായ സംഘര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടരന്വേഷണം കാര്യക്ഷമമാക്കും. സ്ത്രീകള്‍ പ്രായഭേദമന്യേ ശബരിമല ദര്‍ശനത്തിന് എത്തുന്നതിനെ എതിര്‍ത്ത് നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് 146 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈകേസുകളില്‍ കര്‍ശന നടപടിയെടുക്കും. അക്രമം നടത്തിയവരെ പിടികൂടാന്‍ നടപടികള്‍ ശക്തമാക്കാനും തീരുമാനിച്ചു. ഈ കേസുകള്‍ പ്രത്യേക അന്വേഷണ സംഘം അന്വഷിക്കും. എസ് പിമാരുടെ നേതൃത്വത്തിലാകും അന്വേഷണം.
സുപ്രീം കോടതി വിധിക്കെതിരെ അക്രമ സമരവുമായി രംഗത്തെത്തിയത് ബിജെപിയും ശിവസേനയും മറ്റ് സംഘപരിവാര്‍ സംഘടനകളുമാണ്. പ്രതിഷേധത്തിന്റെ മറവില്‍ സഞ്ചാര സ്വാതന്ത്ര്യം പോലും തടഞ്ഞുള്ള അക്രമ പ്രവര്‍ത്തനങ്ങളാണ് അരങ്ങേറിയത്. നിലയ്ക്കലും പമ്പയിലുമൊക്കെ നടത്തിയ അക്രമങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരടക്കം നിരവധിപേര്‍ക്ക് പരുക്കേറ്റു. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ഉള്‍പ്പടെ അക്രമികള്‍ തല്ലി തകര്‍ത്തു. വനിത മാധ്യമ പ്രവര്‍ത്തകരെയും ആക്രമിച്ചു. സ്ത്രീകളെ തടഞ്ഞും മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തും നിയമം കയ്യിലെടുക്കുന്ന നടപടിയുമുണ്ടായി. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീകളെ തടയുകയും സ്ത്രീകളുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്തു. പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇക്കൂട്ടര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ കൈമാറുകയും സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങളില്‍ നിരവധി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ തുടരന്വേഷണം കാര്യക്ഷമമാക്കി തുടര്‍ നടപടികളെടുക്കാനാണ് തീരുമാനം.