വേഗരാജാവായി ക്രിസ്റ്റിയന്‍ കോള്‍മാന്‍; ഇന്ത്യ മിക്‌സഡ് റിലേ ഫൈനലില്‍

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ 9.76 സെക്കന്റില്‍ അവസാന കുമ്മായ വര തൊട്ടാണ് അമേരിക്കന്‍ താരം സ്വര്‍ണം കഴുത്തിലണിഞ്ഞത്. ചരിത്രനേട്ടവുമായി ഇന്ത്യയുടെ മിക്‌സഡ് റിലേ ടീം ഫൈനല്‍ പ്രവേശനം നേടിയതാണ് ലോക അതല്റ്റിക്‌സില്‍ ഇന്നലത്തെ ശ്രദ്ധേയമായ മറ്റൊരു വിശേഷം.

Update: 2019-09-29 01:30 GMT

ദോഹ: 2019ലെ ലോകത്തെ ഏറ്റവും വേഗമേറിയ താരം ആരെന്ന ചോദ്യത്തിന് ഉത്തരമായി. അമേരിക്കയുടെ യുവതാരം ക്രിസ്റ്റിയന്‍ കോള്‍മാനാണ് ദോഹയുടെ മണ്ണില്‍ കാണികളെ ത്രസിപ്പിച്ച് പുതിയ വേഗത്തിലേക്ക് ഓടിക്കയറിയത്. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ 9.76 സെക്കന്റില്‍ അവസാന കുമ്മായ വര തൊട്ടാണ് അമേരിക്കന്‍ താരം സ്വര്‍ണം കഴുത്തിലണിഞ്ഞത്. ചരിത്രനേട്ടവുമായി ഇന്ത്യയുടെ മിക്‌സഡ് റിലേ ടീം ഫൈനല്‍ പ്രവേശനം നേടിയതാണ് ലോക അതല്റ്റിക്‌സില്‍ ഇന്നലത്തെ ശ്രദ്ധേയമായ മറ്റൊരു വിശേഷം.

കരിയറിലെ ഏറ്റവും മികച്ച സമയത്തോടെയാണ് കോള്‍മാന്‍ സ്വര്‍ണക്കുതിപ്പ് നടത്തിയത്. 2018ലെ ബ്രസ്സല്‍സ് ഡയമണ്ട് ലീഗില്‍ 9.79 സെക്കന്‍ഡില്‍ ഓടിയെത്തിയതായിരുന്നു ഇതിനുമുമ്പത്തെ കോള്‍മാന്റെ ഏറ്റവും മികച്ച സമയം.

അമേരിക്കന്‍ താരവും നിലവിലെ ചാംപ്യനുമായ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ വെള്ളി നേടി. മുപ്പത്തിയേഴുകാരനായ ഗാറ്റ്‌ലിന്‍ 9.89 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. കരിയറിലെ ഏറ്റവും മികച്ച സമയമായ 9.90 സെക്കന്റില്‍ ഫിനിഷ് ചെയ്ത് കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സെ വെങ്കലം നേടി. അതേസമയം ജമൈക്കയുടെ പ്രതീക്ഷയായിരുന്ന യൊഹാന്‍ ബ്ലെയ്ക്ക് അഞ്ചാം സ്ഥാനത്തൊതുങ്ങി.

2017 ലണ്ടന്‍ ലോകചാംപ്യന്‍ഷിപ്പില്‍ 9.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു ഗാറ്റ്‌ലിന്‍ ചാംപ്യനായത്. അന്ന് ക്രിസ്റ്റ്യന്‍ കോള്‍മാന്‍ (9.94 സെക്കന്‍ഡ്) വെള്ളി നേടിയിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഓട്ടക്കാരനായ ഉസൈന്‍ ബോള്‍ട്ടിനെ വെങ്കലത്തില്‍ ഒതുക്കിയായിരുന്നു ഇരുവരുടേയും ഈ നേട്ടം. ഉസൈന്‍ ബോള്‍ട്ട് കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പോടെ ട്രാക്കിനോട് വിടപറഞ്ഞിരുന്നു. 10 വര്‍ഷത്തിനിടെ ബോള്‍ട്ടില്ലാത്ത ആദ്യ ലോക ചാംപ്യന്‍ഷിപ്പ് കൂടിയാണ് ഇത്തവണത്തേത്.

ലോകത്തെ ഏറ്റവും മികച്ച ആറാമത്തെ സമയം സ്വന്തം പേരില്‍ കുറിച്ചുകൊണ്ടാണ് 23കാരനായ കോള്‍മാന്‍ സ്വര്‍ണം നേടിയത്.

ഇന്ത്യക്ക് ചരിത്രനേട്ടം



അതേസമയം, ചരിത്രനേട്ടവുമായി ഇന്ത്യയുടെ മിക്‌സഡ് റിലേ ടീം ഫൈനലിന് യോഗ്യത നേടി. 4*400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ 3:16:14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം വിജയക്കുതിപ്പ് നടത്തിയത്. ഫൈനലിലേക്ക് യോഗ്യത നേടിയതിനൊപ്പം ടോക്കിയോ ഒളിംപിക്‌സിനും ഇന്ത്യന്‍ ടീം യോഗ്യത ഉറപ്പാക്കി. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, ജിസ്‌ന മാത്യു, വിസ്മയ, നോഹ നിര്‍മല്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്കായി ഓടിയത്. രണ്ടാം ലാപ്പില്‍ മലയാളി താരം വിസ്മയയുടെ അവിശ്വസനീയമായ കുതിപ്പാണ് ഇന്ത്യക്ക് ഫൈനല്‍ യോഗ്യത നേടിക്കൊടുത്തത്. അനസാണ് ഇന്ത്യക്കായി ആദ്യ ലാപ്പില്‍ ഓടിയത്.

മൂന്നാം ലാപ്പോടിയ ജിസ്‌ന മാത്യുവും അവസാനമായി ഓടിയ നിര്‍മല്‍ നോഹയും തമ്മില്‍ ബാറ്റണ്‍ കൈമാറുന്നതില്‍ നേരിയ ആശയക്കുഴപ്പമുണ്ടായെങ്കിലും ഇന്ത്യയെ മൂന്നാമതെത്തിക്കാന്‍ നിര്‍മലിനായി. ഹീറ്റ്‌സില്‍ മല്‍സരിച്ച 16 ടീമുകളില്‍ ഏഴാമതാണ് ഇന്ത്യയുടെ സമയം. മൂന്നു മിനിറ്റ് 12.42 സെക്കന്റില്‍ ഓടിയെത്തിയ അമേരിക്കന്‍ ടീമാണ് ഏറ്റവും മികച്ച സമയം കുറിച്ചത്. സീസണിലെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച സമയമായിരുന്നു ദോഹയിലേത്. ഞായറാഴ്ചയാണ് 4*400 മീറ്റര്‍ മിക്‌സഡ് റിലേ ഫൈനല്‍. 

Tags:    

Similar News