കൊല്‍ക്കത്ത: ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നേടിയതിന് പിന്നാലെ ട്വന്റി20യിലും ആധിപത്യം ഉറപ്പിക്കാന്‍ വെടിക്കെട്ട് പൂരത്തിന്റെ ആദ്യ മല്‍സരത്തിനായി ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരേ ഇറങ്ങുന്നു. മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് രാത്രി 7.00ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ വച്ച് നടക്കും.
സ്വന്തം മണ്ണില്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും വിന്‍ഡീസിനെതിരേ കിരീടം ഉയര്‍ത്താനായി ഇന്ത്യ ലക്ഷ്യമിടുമ്പോള്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അടിയറ വച്ച വിന്‍ഡീസ് ട്വന്റി20 യിലൂടെ തിരിച്ചു വന്ന് ഒരു കിരീടമെങ്കിലും നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്. റണ്ണൊഴുകുന്ന പിച്ചാണ് ഈഡന്‍ ഗാര്‍ഡനിലേതെന്നതിനാല്‍ ഇവിടെ നിന്നും വെടിക്കെട്ട് ബാറ്റിങ് മാത്രം പ്രതീക്ഷിക്കാം.
ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും വ്യത്യസ്തമായി ചില മാറ്റങ്ങളോടെയാണ് ഇരുടീമും കളത്തിലിറങ്ങുന്നത്. പര്യടനത്തിലെ ആദ്യ രണ്ട് പരമ്പരകളിലും ഇരു ടീമിനെയും നയിച്ച താരങ്ങളെ മാറ്റിയെന്നതിന് പുറമേ വിന്‍ഡീസ് വെടിക്കെട്ട് താരങ്ങള്‍ തിരിച്ചെത്തിയിട്ടുണ്ട്. കോഹ്‌ലിക്ക് പകരമായി രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനെ നയിക്കുമ്പോള്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റാണ് ജേസന്‍ ഹോള്‍ഡറിന് പകരക്കാരനായി വിന്‍ഡീസ് ടീമിനെയും നിയന്ത്രിക്കുക. നേരത്തേ നടന്ന ടെസ്റ്റില്‍ 2-0നും ഏകദിനത്തില്‍ 3-1നുമാണ് വിന്‍ഡീസ് പരമ്പര കൈവിട്ടത്.
ധോണിയും കോഹ്‌ലിയുമില്ലാതെ നീലപ്പട
ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറികള്‍ അടിച്ചു കൂട്ടിയ കോഹ്‌ലിയും തന്ത്രങ്ങളോതുന്നതില്‍ കോഹ്‌ലിക്ക് കൂട്ടായി നിന്ന മുന്‍ നായകന്‍ എം എസ് ധോണിയും ഇല്ലാതെയാണ് ഇന്ത്യന്‍ ടീം പോരടിക്കുന്നതെന്നതിനാല്‍ രോഹിത് ശര്‍മയുടെ കളി തന്ത്രങ്ങള്‍ എങ്ങനെ പരീക്ഷിക്കുമെന്ന് കണ്ടറിയണം. വിക്കറ്റിന് പിന്നില്‍ ചോരാത്ത കൈകളുമായി എതിര്‍ ടീമിന് പേടി സ്വപ്‌നമായെങ്കിലും റണ്‍സ് കണ്ടെത്തുന്നതില്‍ മുന്‍ ഇന്ത്യന്‍ നായകന് വിജയിക്കാന്‍ കഴിയാത്തതാണ് ധോണി ട്വന്റി 20 യില്‍ നിന്നും തഴയപ്പെട്ടത്. അതേസമയം, ഏകദിന പരമ്പരയില്‍ കോഹ്‌ലി കഴിഞ്ഞാല്‍ ബാറ്റിങില്‍ അസാമാന്യ പ്രകടനം പുറത്തെടുത്ത രോഹിത് വീണ്ടും സംഹാര താണ്ഡവമാടുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ ടീമും ആരാധകരും.
തിരുവനന്തപുരത്ത് നടന്ന അവസാന ഏകദിന മല്‍സരത്തില്‍ വിന്‍ഡീസിനെതിരേ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഇന്ന് ഈഡന്‍ ഗാര്‍ഡനില്‍ ഇറങ്ങാനൊരുങ്ങുന്നത്. അവസാന മല്‍സരത്തില്‍ ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായതിനാല്‍ ഇന്ത്യ ശുഭപ്രതീക്ഷയിലാണ്.
ധോണിക്ക് പകരക്കാരനായെത്തിയ യുവ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ക്രിക്കറ്റിലെ മുന്നോട്ടുള്ള വാതിലുകള്‍ തുറന്നിടാന്‍ മികച്ച കളി തന്നെ പുറത്തെടുക്കും. കഴിഞ്ഞ മല്‍സരങ്ങളില്‍ ടീമിലിടം കണ്ടെത്താന്‍ കഴിയാതിരുന്ന കെ എല്‍ രാഹുലും റിഷഭ് പന്തും മനീഷ് പാണ്ഡെയും ഉള്‍പ്പെടുന്ന മികച്ചൊരു യുവനിരയെ തന്നെയാണ് ടീം ഇന്ത്യ ഇറക്കുന്നത്. ജസ്പ്രീത് ബൂറയും ഭുവനേശ്വര്‍ കുമാറും നയിക്കുന്ന പേസ് പടയില്‍ സ്പിന്‍ ചേരുവ ചേര്‍ക്കാനായി കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലും ഉണ്ടാവും.
ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി20 മല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ് ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ക്രുണാല്‍ പാണ്ഡ്യ അരങ്ങേറ്റം കുറിക്കും. ഓപണര്‍ കെ എല്‍ രാഹുലും മധ്യ നിര താരവും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തും മനീഷ് പാണ്ഡെയും ദിനേശ് കാര്‍ത്തികും ടീമില്‍ തിരിച്ചെത്തി. ബൗളിങില്‍ ബൂംറയെയും ഭുവനേശ്വറിനെയും ചഹലിനെയും കുല്‍ദീപിനെയും നിലനിര്‍ത്തിയിട്ടുണ്ട്. ഇന്ത്യ സ്‌ക്വാഡ്: രോഹിത് ശര്‍മ (നായകന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ക്രുണാല്‍ പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, ഖലീല്‍ അഹമദ്.
പുതിയ നായകന്റെ കീഴില്‍ വിന്‍ഡീസ്
കൂടുതല്‍ മാറ്റത്തോടെയാണ് വിന്‍ഡീസ് ഇന്ത്യന്‍ മണ്ണില്‍ വെടിക്കെട്ട് പൂരം കാഴ്ചവയ്ക്കാനായി കാത്തിരിക്കുന്നത്. ജേസണ്‍ ഹോള്‍ഡറിന് പകരം കാര്‍ലോസ് ബ്രാത്‌വെയ്റ്റിന്റെ കീഴില്‍ ഇറങ്ങുന്ന വിന്‍ഡീസ് നിരയില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരായ കീറോണ്‍ പൊള്ളാര്‍ഡും ഡാരണ്‍ ബ്രാവോയും തിരിച്ചെത്തി എന്നതാണ് പ്രധാനപ്പെട്ട മാറ്റം. ശമ്പളത്തിന്റെ പേരില്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള പിണക്കത്തെ തുടര്‍ന്ന് ടീം മല്‍സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് ബ്രാവോയും പൊളാര്‍ഡും ടീമില്‍ തിരിച്ചെത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ബ്രാവോ ദേശീയ ടീമിനൊപ്പം ചേരുന്നതെങ്കില്‍ ഒരു വര്‍ഷത്തിന്റെ ഇടവേള കഴിഞ്ഞാണ് പൊള്ളാര്‍ഡും ടീമിനെ കരകയറ്റാനിറങ്ങുന്നത്. അതേസമയം, പരിക്കിനെ തുടര്‍ന്ന് ആന്ദ്രേ റസ്സല്‍ കളിക്കില്ല.ട്വന്റി20യില്‍ ബ്രാത്‌വെയ്റ്റിന്റെ കീഴില്‍ ഇറങ്ങിയ വിന്‍ഡീസിനെതിരേ മോശം റെക്കോഡുകളാണ് ഇന്ത്യക്കുള്ളത്. 2016 ല്‍ ഇന്ത്യയില്‍ നടന്ന ഐസിസി ലോകകപ്പിലെ ക്വാര്‍ട്ടറില്‍ ബ്രാത്‌വെയ്റ്റ്പടയോട് പരാജയപ്പെട്ടത് ഇതിലൊരുദാഹരണം മാത്രം.
അതേസമയം, ബംഗ്ലാദേശില്‍ നടന്ന 2014ലെ ട്വന്റി20 ലോകകപ്പിലെ ജയത്തിന് ശേഷം വിന്‍ഡീസിനെതിരേ തുടര്‍ തോല്‍വികളായിരുന്നു ഫലം. 2009 മുതല്‍ 2017 വരെ ഇരുടീമും മുഖാമുഖം എട്ട് മല്‍സരങ്ങളില്‍ പോരടിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ വിന്‍ഡീസ് വെന്നിക്കൊടി നാട്ടിയപ്പോള്‍ വെറും രണ്ട് മല്‍സരങ്ങളില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാന്‍ കഴിഞ്ഞത്. ഒരു മല്‍സരം സമനിലയിലും കലാശിച്ചു.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്: കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (നായകന്‍), ഫാബിയന്‍ അലന്‍, ഡാരണ്‍ ബ്രാവോ, ഷിംറോന്‍ ഹിറ്റ്‌മെയര്‍, കീമോ പോള്‍, ദിനേഷ് രാംദിന്‍ (വിക്കറ്റ് കീപ്പര്‍), ആന്ദ്രേ റസ്സല്‍, ഷെര്‍ഫാന്‍ റുഥര്‍ഫോര്‍ഡ്, ഓഷാനെ തോമസ്, ഖാരി പിയറി, ഒബെഡ് മക്കോയ്, റോവ്മാന്‍ പവല്‍, നിക്കോളാസ് പൂരന്‍.