ഡെറാഡൂണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടുത്തിടെ തുടക്കം കുറിച്ച അഫ്ഗാനിസ്ഥാന്‍ ടീമിന് ചരിത്രനേട്ടം. അയര്‍ലന്റിനെതിരായ ആദ്യടെസ്റ്റ്ജയം സ്വന്തമാക്കിയാണ് അഫ്ഗാന്‍ ചരിത്ര റെക്കോഡ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തങ്ങളുടെ രണ്ടാമത്തെ ടെസ്റ്റില്‍ തന്നെ ജയം നേടിയതാണ് ടീമിന് റെക്കോഡ് ബുക്കില്‍ ഇടം നല്‍കിയത്. അയര്‍ലന്റിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ടീമിന്റെ ജയം. ജയിക്കാന്‍ 147 റണ്‍സ് വേണ്ടിയിരുന്ന അഫ്ഗാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. റഹ്മത്ത് ഷായുടേയും ഇഹ്‌സാനുള്ളയുടെയും അര്‍ദ്ധസെഞ്ചുറി നേട്ടമാണ് ടീമിന് ചരിത്രജയം നല്‍കിയത്. അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയോടായിരുന്നു. അന്ന് ഇന്നിങ്‌സിനും 262 റണ്‍സിനുമാണ് അഫ്ഗാന്‍ തോറ്റത്. ചരിത്ര നേട്ടത്തോടെ ഇന്ത്യ, വെസ്റ്റ്ഇന്‍ഡീസ്, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക എന്നിവരെയും അഫ്ഗാന്‍ പിന്നിലാക്കി. വിന്‍ഡീസ് ആറും സിംബാബ്‌വെ 11 ഉം ദക്ഷിണാഫ്രിക്ക 12 ഉം ഇന്ത്യ 25 ഉം ടെസ്റ്റ്കള്‍ക്ക് ശേഷമാണ് ആദ്യ വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നീ ടീമുകളാണ് അഫ്ഗാന് മുമ്പ് രണ്ടാമത്തെ ടെസ്റ്റില്‍ വിജയം കൈവരിച്ച ടീമുകള്‍. ആസ്‌ത്രേലിയ തങ്ങളുടെ ആദ്യ ടെസ്റ്റില്‍ തന്നെ വിജയം നേടിയിരുന്നു. അയര്‍ലന്റിനെതിരായ മല്‍സരത്തില്‍ രണ്ടാം അര്‍ദ്ധസെഞ്ചുറി നേടിയ റഹ്മത്ത് ഷായാണ് ബാറ്റിങിലെ താരം. അയര്‍ലന്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് മല്‍സരം ടീമിന് അനുകൂലമാക്കിയത്. യാമിന്‍ അഹമ്ദ് സായ് മൂന്ന് വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ അയര്‍ലന്റ് 172 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ അഫ്ഗാന്‍ 314 റണ്‍സെടുത്തു. 142 റണ്‍സ് ലീഡ് വഴങ്ങിയാണ് അയര്‍ലന്റ് രണ്ടാമിന്നിങ്‌സിന് ഇറങ്ങിയത്. രണ്ടാമിന്നിങ്‌സില്‍ അയര്‍ലന്റ് 288 റണ്‍സിന് പുറത്തായി.