വീരോചിതം; അഫ്ഗാന്‍ ലോകകപ്പ് സെമിയില്‍; ഓസ്‌ട്രേലിയ പുറത്ത്

ഇന്ത്യയ്‌ക്കെതിരായ അവസാന മത്സരം തോറ്റതാണ് ഓസീസിനു തിരിച്ചടിയായത്.

Update: 2024-06-25 06:26 GMT

കിങ്‌സ്ടൗണ്‍: ബംഗ്ലദേശിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ ട്വന്റി-20 ലോകകപ്പ് സെമിയില്‍. എട്ട് റണ്‍സ് വിജയമാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. ഇതോടെ ഒന്നാം ഗ്രൂപ്പില്‍നിന്നും രണ്ടാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തി. ഓസ്‌ട്രേലിയ പുറത്തായി. ജയത്തോടെ ഒന്നാം ഗ്രൂപ്പില്‍ അഫ്ഗാനു നാലു പോയിന്റായി. മൂന്നാമതുള്ള ഓസ്‌ട്രേലിയയ്ക്ക് രണ്ടു പോയിന്റു മാത്രമാണുള്ളത്. ഇന്ത്യയ്‌ക്കെതിരായ അവസാന മത്സരം തോറ്റതാണ് ഓസീസിനു തിരിച്ചടിയായത്.

ഇന്ന് ബംഗ്ലദേശ് ജയിച്ചിരുന്നെങ്കിലും ഓസ്‌ട്രേലിയയ്ക്കു സെമി ഫൈനല്‍ സാധ്യതയുണ്ടായിരുന്നു. ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തിരുന്നു. മഴ കാരണം ബംഗ്ലദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി വെട്ടിച്ചുരുക്കി. എന്നാല്‍ 17.5 ഓവറില്‍ 105 റണ്‍സെടുത്തു ബംഗ്ലദേശ് പുറത്തായി. സൂപ്പര്‍ 8 ലെ ഒരു കളിയും ജയിക്കാന്‍ സാധിക്കാതെയാണ് ബംഗ്ലദേശ് മടങ്ങുന്നത്.

3.5 ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റു വീഴ്ത്തിയ നവീന്‍ ഉള്‍ ഹഖാണ് കളിയിലെ താരം. ക്യാപ്റ്റന്‍ റാഷിദ് ഖാനും അഫ്ഗാനിസ്ഥാനു വേണ്ടി നാലു വിക്കറ്റുകള്‍ സ്വന്തമാക്കി. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍. 27ന് രാവിലെ ആറു മണിക്കാണു മത്സരം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനു മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ റഹ്‌മാനുല്ല ഗുര്‍ബാസിനും ഇബ്രാഹിം സദ്രാനും സാധിച്ചു. 29 പന്തുകള്‍ നേരിട്ട സദ്രാന്‍ 18 റണ്‍സാണു നേടിയത്. റഹ്‌മാനുല്ല ഗുര്‍ബാസ് 55 പന്തില്‍ 43 റണ്‍സെടുത്തു.

പതിഞ്ഞ താളത്തിലായിരുന്നു ബംഗ്ലദേശിനെതിരെ അഫ്ഗാനിസ്ഥാന്റെ ബാറ്റിങ്. ബംഗ്ലദേശിനെതിരെ അഫ്ഗാന്‍ മധ്യനിരയ്ക്കു തിളങ്ങാന്‍ കാര്യമായ അവസരമുണ്ടായിരുന്നില്ല. അസ്മത്തുല്ല ഒമര്‍സായി (12 പന്തില്‍ 10), ഗുല്‍ബദിന്‍ നയിബ് (നാല്), മുഹമ്മദ് നബി (ഒന്ന്), കരിം ജനത് (ഏഴ്) എന്നിങ്ങനെയാണു മറ്റ് അഫ്ഗാന്‍ താരങ്ങളുടെ സ്‌കോറുകള്‍. ബംഗ്ലദേശിനായി റിഷാദ് ഹുസെയ്ന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ ലിറ്റന്‍ദാസ് മാത്രമാണു ബംഗ്ലദേശിനായി തിളങ്ങിയത്. ഒരു ഭാഗത്ത് അഫ്ഗാന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ ബംഗ്ലദേശ് ബാറ്റര്‍മാര്‍ ഒന്നിനു പിറകേ ഒന്നായി കൂടാരം കയറിയപ്പോഴും ലിറ്റന്‍ ദാസ് പിടിച്ചുനിന്നു.

49 പന്തില്‍ 54 റണ്‍സെടുത്തു താരം പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.ബംഗ്ലദേശ് മധ്യനിരയില്‍ സൗമ്യ സര്‍ക്കാര്‍ (10 പന്തില്‍ 10), തൗഹിദ് ഹൃദോയ് (ഒന്‍പതു പന്തില്‍ 14) എന്നിവര്‍ മാത്രമാണു രണ്ടക്കം കടന്നത്. 16.2 ഓവറിലാണ് ബംഗ്ലദേശ് 100 ലെത്തിയത്. അവസാന 12 പന്തുകളില്‍ ബംഗ്ലദേശിന് ജയിക്കാന്‍ വേണ്ടത് 12 റണ്‍സായിരുന്നു. സ്‌കോര്‍ 105ല്‍ നില്‍ക്കെ ടസ്‌കിന്‍ അഹമ്മദിനെ നവീന്‍ ഉള്‍ ഹഖ് ബോള്‍ഡാക്കിയതു ബംഗ്ലദേശിനെ സമ്മര്‍ദത്തിലാക്കി. മുസ്തഫിസുര്‍ റഹ്‌മാനെ നേരിട്ട ആദ്യ പന്തില്‍ തന്നെ എല്‍ബിഡ്ബ്ല്യുവില്‍ കുരുക്കി നവീന്‍ അഫ്ഗാന്റെ വിജയമുറപ്പിച്ചു.





Tags:    

Similar News