ചരിത്ര ജയവുമായി അഫ്ഗാനിസ്താന്‍; ദക്ഷിണാഫ്രിക്കയെ 106 ന് പിടിച്ചുകെട്ടി; 26ഓവറില്‍ ജയം

Update: 2024-09-19 09:22 GMT

ഷാര്‍ജാ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മല്‍സരത്തില്‍ അഫ്ഗാനിസ്താന് ചരിത്ര ജയം. പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ പ്രോട്ടീസിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് അഫ്ഗാനിസ്താന്‍ ചരിത്രം കുറിച്ചത്. ദക്ഷിണാഫ്രിക്കയെ 106 റണ്‍സിന് എറിഞ്ഞിട്ട ഹഷ്മത്തുള്ള ഷാഹിദിയും സംഘവും 26 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അഫ്ഗാന്‍ നേടുന്ന ആദ്യ ജയമാണിത്.

നാല് വിക്കറ്റെടുത്ത ഫസല്‍ഹഖ് ഫറൂഖിയാണ് പ്രോട്ടീസ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. അല്ല ഗസന്‍ഫര്‍ മൂന്നു വിക്കറ്റും റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. വിയാന്‍ മുള്‍ഡറുടെ അര്‍ധസെഞ്ചുറി പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസമായത്. ഫോര്‍ട്ടുയിന്‍ 16 റണ്‍സും ടോണി ഡി സോര്‍സി 11 റണ്‍സുമെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ആദ്യ ഓവറില്‍ തന്നെ റഹ്‌മാനുള്ള ഗുര്‍ബാസിനെ(0) നഷ്ടമായി. പിന്നാലെ റഹ്‌മത് ഷായും കൂടാരം കയറി. റിയാസ് ഹസന്‍(16), ഹഷ്മത്തുള്ള ഷാഹിദി(16) എന്നിവരും പുറത്തായതോടെ അഫ്ഗാന്‍ 60-4 എന്ന നിലയിലായി. അഞ്ചാം വിക്കറ്റില്‍ നിലയുറപ്പിച്ച അസ്മത്തുള്ള ഒമര്‍സായി(25), ഗുല്‍ബാദിന്‍ നയ്ബ്(34) എന്നിവര്‍ ടീമിനെ വിജയതീരത്തെത്തിച്ചു.


Tags:    

Similar News