177 റണ്‍സിന്റെ കൂറ്റന്‍ ജയം; ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പരമ്പര
ഷാര്‍ജ: ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഫ്ഗാനിസ്ഥാന്‍ പുതു ചരിത്രം രചിച്ചു. ഏകദിനത്തില്‍ റണ്‍ അടിസ്ഥാനത്തില്‍ തങ്ങളുടെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ അഫ്ഗാന്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിലെ ആദ്യ വിജയം കുറിച്ച് രണ്ടു ദിവസത്തിനുള്ളില്‍ ആദ്യ പരമ്പര വിജയം കൂടി നേടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഫ്ഗാന്റെ വിജയം 177 റണ്‍സിനായിരുന്നു. ഈ വിജയത്തോടെ, ട്വന്റി-20ക്കു പിന്നാലെ ഏകദിനത്തിലും കരുത്തരായ ടീമുകള്‍ക്കൊപ്പമാകും ഇനി അഫ്ഗാനിസ്ഥാന്റെയും സ്ഥാനം.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 311 റണ്‍സ്. ദക്ഷിണാഫ്രിക്കയെ പോലൊരു ടീമിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയില്ലാത്ത സ്‌കോറായിരുന്നിട്ടും, അഫ്ഗാന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ ചൂളിപ്പോയ അവര്‍ 34.2 ഓവറില്‍ വെറും 134 റണ്‍സിന് ഓള്‍ഔട്ടായി! വിക്കറ്റ് നഷ്ടം കൂടാതെ 73 റണ്‍സ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക, വെറും 61 റണ്‍സിനിടെ 10 വിക്കറ്റും നഷ്ടമാക്കിയാണ് തോല്‍വിയിലേക്കു വഴുതിവീണത്. ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിന്റെ വിജയം നേടിയ അഫ്ഗാന്‍, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി. അവസാന ഏകദിനം ഞായറാഴ്ച നടക്കും.
റാഷിദ് ഖാന്‍ ഒന്‍പത് ഓവറില്‍ 19 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. മറ്റൊരു സ്പിന്നറായ നാന്‍ഗേയാലിയ ഖാരോട്ടെ 6.2 ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. അസ്മത്തുല്ല ഒമര്‍സായിക്കാണ് ശേഷിക്കുന്ന ഒരു വിക്കറ്റ്. അഫ്ഗാന്‍ സ്പിന്നര്‍മാരുടെ തേരോട്ടത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കന്‍ നിരയില്‍, ടോപ് സ്‌കോററായത് ക്യാപ്റ്റന്‍ തെംബ ബാവുമ. 47 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം ബാവുമയുടെ സമ്പാദ്യം 38 റണ്‍സ്. സഹ ഓപ്പണര്‍ ടോണി ഡി സോര്‍സി 44 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 31 റണ്‍സെടുത്തു.
തകര്‍പ്പന്‍ സെഞ്ചറിയുമായി പടനയിച്ച ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസിന്റെ ഇന്നിങ്‌സാണ് അഫ്ഗാന് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. 110 പന്തുകള്‍ നേരിട്ട ഗുര്‍ബാസ്, 10 ഫോറും മൂന്നു സിക്‌സും സഹിതം 105 റണ്‍സെടുത്തു. അര്‍ധസെഞ്ചറി നേടിയ റഹ്‌മത്ത് ഷാ (66 പന്തില്‍ രണ്ടു ഫോറുകളോടെ 50), അസ്മത്തുല്ല ഒമര്‍സായ് (86) എന്നിവരുടെ പ്രകടനങ്ങളും നിര്‍ണായകമായി. ട്വന്റി-20 ശൈലിയില്‍ കടന്നാക്രമിച്ച ഒമര്‍സായ്, വെറും 50 പന്തിലാണ് 86 റണ്‍സെടുത്തത്. അഞ്ച് ഫോറും ആറു സിക്‌സും ഉള്‍പ്പെടുന്ന ഇന്നിങ്‌സ്. ഓപ്പണര്‍ റിയാസ് ഹസന്‍ 45 പന്തില്‍ 29 റണ്‍സെടുത്തും മുഹമ്മദ് നബി 19 പന്തില്‍ 13 റണ്‍സെടുത്തും പുറത്തായി. റാഷിദ് ഖാന്‍ 12 പന്തില്‍ ആറു റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി, നാന്ദ്രേ ബര്‍ഗര്‍, എന്‍ഗാബ പീറ്റര്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.