അഫ്ഗാന്‍ വീരഗാഥ തുടരുന്നു; ലോകകപ്പില്‍ ഒസീസിനെ അട്ടിമറിച്ചു; ഗുല്‍ബദിന് നാലു വിക്കറ്റ്
കിങ്‌സ്ടൗണ്‍: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 8 റൗണ്ടില്‍ കരുത്തരായ ഓസ്‌ട്രേലിയയെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാന്‍. 21 റണ്‍സ് വിജയമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന്‍ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ആറു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്ത അഫ്ഗാന്‍, ഓസ്‌ട്രേലിയയെ 127 റണ്‍സിനു പുറത്താക്കി. ജയത്തോടെ സൂപ്പര്‍ 8 ഗ്രൂപ്പ് ഒന്നില്‍ അഫ്ഗാനും രണ്ടു പോയിന്റായി. ഓസ്‌ട്രേലിയയ്ക്ക് സെമി ഫൈനലില്‍ കടക്കണമെങ്കില്‍ ഇന്ത്യയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ ജയിച്ചേ തീരൂ. ബംഗ്ലദേശിനെ അടുത്ത കളിയില്‍ വലിയ മാര്‍ജിനില്‍ തോല്‍പിച്ചാല്‍ അഫ്ഗാനിസ്ഥാനും സെമി സാധ്യതയുണ്ട്.
ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാനു വേണ്ടി 118 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് റഹ്‌മാനുല്ല ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്നു പടുത്തുയര്‍ത്തിയത്. 49 പന്തുകള്‍ നേരിട്ട ഗുര്‍ബാസ് 60 റണ്‍സെടുത്തു. സദ്രാന്‍ 48 പന്തില്‍ 51 റണ്‍സെടുത്തും പുറത്തായി. വിക്കറ്റു പോകാതെ 40 റണ്‍സായിരുന്നു അഫ്ഗാന്‍ പവര്‍പ്ലേയില്‍ എടുത്തത്. 13. 2 ഓവറുകളില്‍ ടീം 100 പിന്നിട്ടു.
മത്സരത്തിന്റെ 16ാം ഓവറിലാണ് അഫ്ഗാന്റെ ഒരു വിക്കറ്റു വീഴ്ത്താന്‍ ഓസീസിനു സാധിച്ചത്. ഗുര്‍ബാസും സദ്രാനും പുറത്തായ ശേഷമെത്തിയ അഫ്ഗാന്‍ താരങ്ങള്‍ക്കു തകര്‍ത്തടിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. റാഷിദ് ഖാന്‍ (അഞ്ച് പന്തില്‍ രണ്ട്), കരിം ജനാത് (ഒന്‍പതു പന്തില്‍ 13), ഗുല്‍ബദിന്‍ നായിബ് (പൂജ്യം) എന്നിവരെ പുറത്താക്കി പാറ്റ് കമിന്‍സ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് വിക്കറ്റ് നേടി. ബംഗ്ലദേശിനെതിരെയും കമിന്‍സ് ഹാട്രിക് തികച്ചിരുന്നു. ഓസീസിനായി ആദം സാംപ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ട്രാവിസ് ഹെഡിനെ പുറത്താക്കി നവീന്‍ ഉള്‍ ഹഖ് അഫ്ഗാനു മികച്ച തുടക്കം നല്‍കി. ഡേവിഡ് വാര്‍ണര്‍ മൂന്നു റണ്‍സ് മാത്രമെടുത്തു മടങ്ങി. മുന്‍നിര തകര്‍ന്നപ്പോള്‍ മധ്യനിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഓസ്‌ട്രേലിയയ്ക്കായി സ്‌കോര്‍ ഉയര്‍ത്തിയത്. 41 പന്തില്‍ 59 റണ്‍സെടുത്താണ് മാക്‌സ്‌വെല്‍ പുറത്തായത്. ഗുല്‍ബദിന്‍ നായിബിന്റെ പന്തില്‍ നൂര്‍ അഹമ്മദ് ക്യാച്ചെടുത്താണ് മാക്‌സ്‌വെല്ലിന്റെ മടക്കം. മാര്‍കസ് സ്റ്റോയ്‌നിസ് (17 പന്തില്‍ 11), ടിം ഡേവിഡ് (രണ്ട്), പാറ്റ് കമിന്‍സ് (നാല്) എന്നിവരെയും പുറത്തായി ഗുല്‍ബദിന്‍ ഓസ്‌ട്രേലിയയുടെ നടുവൊടിച്ചു.
അവസാന ആറു പന്തുകളില്‍ 24 റണ്‍സായിരുന്നു ഓസ്‌ട്രേലിയയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. അസ്മത്തുല്ല ഒമര്‍സായി എറിഞ്ഞ 20ാം ഓവറിലെ രണ്ടാം പന്തില്‍ ആദം സാംപയെ മുഹമ്മദ് നബി ക്യാച്ചെടുത്തു പുറത്താക്കിയതോടെ അഫ്ഗാന്‍ വിജയാഘോഷം തുടങ്ങി. ഗുല്‍ബദിന്‍ നായിബാണു കളിയിലെ താരം. എട്ട് അഫ്ഗാന്‍ താരങ്ങളാണ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ പ്രതിരോധിക്കാനായി പന്തെറിയാനെത്തിയത്.