സിക്‌സറടിക്കുക, വിക്കറ്റ് നേടുക; ടീമിന് ആര്‍ച്ചിയുടെ നിര്‍ദേശം
ഓസീസ് ടെസ്റ്റ് ടീമിന്റെ വിഖ്യാതമായ ബാഗി ഗ്രീന്‍ ക്യാപ്പുമണിഞ്ഞാണ് ഷില്ലര്‍ പെയ്‌നിനൊപ്പമെത്തിയത്.
മെല്‍ബണ്‍: ഓസീസ് ടീമിന്റെ ഉപനായകനായി ഏഴ് വയസുകാരന്‍ ആര്‍ച്ചി ഷില്ലറും. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടോസിനെത്തിയപ്പോള്‍ ക്യാപ്റ്റന്‍ ടിം പെയ്‌നിന്റെ കൂടെ ഏഴ് വയസുകാരന്‍ ഷില്ലറുമുണ്ടായിരുന്നു. ഓസീസ് ടെസ്റ്റ് ടീമിന്റെ വിഖ്യാതമായ ബാഗി ഗ്രീന്‍ ക്യാപ്പുമണിഞ്ഞാണ് ഷില്ലര്‍ പെയ്‌നിനൊപ്പമെത്തിയത്. ടീമംഗങ്ങളോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ ഷില്ലര്‍ പറഞ്ഞത് സിക്‌സറുകള്‍ അടിക്കുക, വിക്കറ്റുകള്‍ നേടുക എന്ന് മാത്രമാണ്.
ചിരിച്ച് കളിച്ച് ഓസീസ് താരങ്ങള്‍ക്കൊപ്പം നടക്കുന്ന ആര്‍ച്ചി ജീവിതത്തിലെ കൂടുതല്‍ ദിവസങ്ങളും ചെലവഴിച്ചത് ആശുപത്രിക്കിടക്കയിലാണ്. ആറുവയസ്സിനിടെ 13 തവണ ഹൃദയശസ്ത്രക്രിയക്ക് വിധേയനായി. വെറും മൂന്ന് മാസം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ ശസ്ത്രക്രിയ. ഡാമിയന്‍ ഷില്ലര്‍ സാറ ദമ്പതികളുടെ മകനായ ആര്‍ച്ചിയുടെ ഏറ്റവും വലിയ സ്വപ്‌നം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ അംഗമാവുക എന്നതായിരുന്നു.
ഈ സ്വപ്‌നം സഫലമാക്കിയത് 'മേക്ക് എ വിഷ്' ഓസ്‌ട്രേലിയ എന്ന സംഘടയാണ്.ഓസ്‌ട്രേലിയ യുഎഇയില്‍ പാകിസ്ഥാനെതിരെ കളിക്കുന്ന സമയത്താണ് 'മേക്ക് എ വിഷ് ഓസ്‌ട്രേലിയ' ആര്‍ച്ചീയുടെ മോഹം കോച്ച് ജസ്റ്റിന്‍ ലാംഗറെ അറിയിച്ചത്. കൊച്ചുതാരത്തിന്റെ മോഹത്തെ അവഗണിക്കാന്‍ ലാംഗറിനായില്ല. ഓസീസ് താരങ്ങള്‍ക്കുള്ള അതേ പരിഗണനയാണ് ടീമില്‍ ആര്‍ച്ചിക്കും ലഭിക്കുന്നത്. ക്യാപ്റ്റന്‍ ടിം പെയ്ന്‍ ബാഗി ഗ്രീന്‍ ക്യാപ്പ് സമ്മാനിച്ചപ്പോള്‍ ടീമിന്റെ വെള്ള വസ്ത്രം നല്‍കിയത് സ്പിന്നറായ ആര്‍ച്ചിയുടെ പ്രിയതാരം നഥാന്‍ ലിയോണാണ്.