ജയ്ഷായുടെ പ്രസ്താവന; പിസിബി കടുത്ത തീരുമാനങ്ങളിലേക്ക്

എസിസിയില്‍ നിന്ന് പാകിസ്താന്‍ പിന്‍മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് രാജ വ്യക്തമാക്കി.

Update: 2022-10-19 05:01 GMT


കറാച്ചി: അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കുന്ന ഏഷ്യാകപ്പിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലേക്ക് പാക് ടീമിനെ അയക്കില്ലെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് റമീസ് രാജയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിസിസിഐയുടെ കടുത്ത നിലപാടിനെതിരേ റമീസ് രാജ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയില്‍ നടത്തണമെന്ന ജയ് ഷായുടെ ആവശ്യം അംഗീകരിക്കാന്‍ ആവില്ലെന്ന് റമീസ് രാജ അറിയിച്ചു.


ഈ വിഷയത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തയക്കും.ഷായുടെ പ്രസ്താവന ചര്‍ച്ച ചെയ്യുന്നതിനായി മെല്‍ബണില്‍ അടിയന്തര യോഗം ചേരാനും പിസിബി ആവശ്യപ്പെടും. എസിസിയുടെ കീഴിലുള്ള രാജ്യങ്ങളില്‍ ക്രിക്കറ്റ് പ്രോല്‍സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം സ്ഥാപിക്കുന്നതിനുമാണ് എസിസി രൂപീകരിച്ചത്. എന്നാല്‍ കൗണ്‍സില്‍ ഇതിനെതിരേ രംഗത്ത് നില്‍ക്കുകയാണെങ്കില്‍ എസിസിയില്‍ നിന്ന് പാകിസ്താന്‍ പിന്‍മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് രാജ വ്യക്തമാക്കി. ഏകദിന ലോകകപ്പ് നിഷ്പക്ഷ വേദിയിലാക്കാന്‍ ഐസിസിയോട് ആവശ്യപ്പെടുമെന്നും പിസിബി അറിയിച്ചിട്ടുണ്ട്.




Tags:    

Similar News